ഓണാവധി കഴിഞ്ഞ് നാളെ സ്‌കൂളുകള്‍ തുറക്കും
തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തുറക്കും. പ്രളയദുരന്തത്തെ തുടര്‍ന്ന് ഓണാവധി സര്‍ക്കാര്‍ നേരത്തെയാക്കിയിരുന്നു. അതേസമയം, പ്രളയബാധിത പ്രദേശങ്ങളില്‍ യൂനിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിറക്കി.
പലരുടെയും പുസ്തകങ്ങളും നോട്ട്ബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേല്‍ സ്വീകരിക്കാന്‍ പാടില്ല.
സ്‌കൂള്‍ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളില്‍ ഇല്ലെന്നും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളും ഉറപ്പുവരുത്തണം. അതുപോലെ, ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്ക് അതു ലഭ്യമാക്കിയിട്ടുണ്ടെന്ന് നൂണ്‍ മീല്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തണം. എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ റീജ്യനല്‍ ഓഫിസര്‍മാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
സ്‌കൂളിലെത്തുന്ന ഏതെങ്കിലും കുട്ടിക്ക് പ്രത്യേകം സഹായമോ പരിഗണനയോ ആവശ്യമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ഉടനെ അധികൃതര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
നേരത്തെ മാതാപിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്കു മാറ്റണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. വീടുകളുടെ അവസ്ഥ മെച്ചപ്പെടുന്നതു വരെ ക്യാംപുകളിലും സ്ഥാപനങ്ങളിലുമുള്ള കുട്ടികള്‍ക്ക് അതത് ഇടങ്ങളില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."