ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി
തിരുവനന്തപുരം: സര്‍ക്കാരിനെതിരായി പ്രസംഗിച്ചതിന് എട്ടു മാസമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ നീട്ടിയത്.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി ഡിസംബര്‍ 19ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടാതെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജേക്കബ് തോമസിനെ പുറത്തുനിര്‍ത്താനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അവലോകന സമിതി ശുപാര്‍ശ ചെയ്തത്.
ചട്ടപ്രകാരം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിന് ഒരുവര്‍ഷം വരെ പുറത്തുനിര്‍ത്താം. അതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
'കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താല്‍പര്യങ്ങള്‍' എന്ന വിഷയത്തില്‍ ഗാന്ധി സ്മാരക സമിതി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യവെയാണ് ജേക്കബ് തോമസ് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു പ്രസ്താവന.
അതിനിടെ, ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരുന്നപ്പോള്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."