പ്രളയ ദുരിതാശ്വാസം: പ്രത്യേക അക്കൗണ്ട് വേണമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് പകരം പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വിതരണംചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓഖി ദുരിതാശ്വാസനിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 104.24 കോടി രൂപയാണ് ലഭിച്ചത്.
എന്നാല്‍, 25.14 കോടി മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നല്‍കാമെന്നുപറഞ്ഞ രണ്ടുലക്ഷം ഇതുവരെ നല്‍കിയിട്ടില്ല. ദുരന്തനിവാരണ സേന പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് സാധിച്ചിട്ടില്ല. വള്ളങ്ങളില്‍ ജി.പി.എസ് സൗകര്യവും ഇതുവരെ ഒരുക്കിയില്ല. പ്രളയബാധിതര്‍ക്ക് മൂന്നുമുതല്‍ ആറുമാസം വരെയുള്ള സമയപരിധിക്കുള്ളില്‍ ട്രെബ്യൂണല്‍ വഴി തീര്‍പ്പാക്കി നഷ്ടപരിഹാരം വിതരണം ചെയ്യണം.
ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി ചെന്നിത്തല അറിയിച്ചു. 14 ജില്ലകളെയും ദുരന്തം ബാധിച്ചതിനാല്‍ വ്യക്തികള്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കി നല്‍കാന്‍ ഒന്നില്‍ക്കൂടുതല്‍ ട്രൈബ്യൂണല്‍ ബെഞ്ചുകളാകാം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഹൈക്കോടതിയില്‍ നിന്നോ സുപ്രിംകോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയെ ട്രൈബ്യൂണല്‍ അധ്യക്ഷനാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍പ്രകാരമുള്ള സഹായം ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് വേണം. വിദേശ സഹായം ലഭ്യമാക്കണം. ഇതിനായി കേന്ദ്രനയം മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകള്‍ കൈയടക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ചേര്‍ന്നുനിന്നാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ക്യാംപുകളില്‍ സന്നദ്ധസംഘടനകള്‍ എത്തിക്കുന്ന സാധനങ്ങള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് സി.പി.എം പ്രവര്‍ത്തകര്‍ ബാനറുകള്‍കെട്ടി വിതരണം ചെയ്യുകയാണ്. സംഘടിത ആക്രമണമാണ് പൊലിസ് സഹായത്തോടെ സി.പി.എം നടത്തുന്നത്.
വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ദുരിതാശ്വാസ ക്യാംപുകള്‍ കൈപ്പിടിയിലൊതുക്കാനുള്ള സി.പി.എം ശ്രമം കാരണം ക്യാംപുകളില്‍ അരാജകത്വം നിലനില്‍ക്കുകയാണ്.
ഒരുവിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ ദുരന്തമായി മാറിയിരിക്കുകയാണ്. പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമല്ലാതെ ഒന്നും കിട്ടിയിട്ടില്ല. ദുരിതബാധിതര്‍ക്ക് 3,500 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പിന്നീട് ഇത് 10,000 രൂപയാക്കി. എന്നാല്‍, യാതൊരു തുകയും ദുരിതബാധിതര്‍ക്ക് കിട്ടിയിട്ടില്ല. കുറഞ്ഞത് 25,000 രൂപയെങ്കിലും ദുരിതബാധിതര്‍ക്ക് നല്‍കണം.
കെ.എം.സി.സി, ഒ.ഐ.സി.സി പോലുള്ള സംഘടനകള്‍ നല്‍കിയ സാധനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉള്‍പ്പെടെ കുന്നുകൂടിക്കിടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ ഇത് വിതരണം ചെയ്യാവൂവെന്നാണ് പറയുന്നത്. സന്നദ്ധസംഘടനകളെ അനുവദിക്കുന്നില്ല. ഇതുസംബന്ധിച്ച നിവേദനം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് പൂര്‍ണമായി സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, പി.പി തങ്കച്ചന്‍, സാദിഖലി ശിഹാബ് തങ്ങള്‍, ജോണി നെല്ലൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, റാംമോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."