HOME
DETAILS

ഒരുനിമിഷം കൊണ്ട് അരനൂറ്റാണ്ടുപുറകിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രകാരന്‍

  
backup
August 28 2020 | 06:08 AM

punalur-rajan-memory-special-story-2020

പുനലൂര്‍ രാജന്‍ കൈയിലൊരു ക്യാമറയുമായി ദൈവം ഭൂമിയിലേക്കയച്ച ചാരന്‍


ഒരുനിമിഷം കൊണ്ട് ആസ്വാദകനെ അരനൂറ്റാണ്ടുപുറകിലേക്ക്കൂട്ടിക്കൊണ്ടുപോകുന്ന അത്യപൂര്‍വങ്ങളായ ചിത്രങ്ങളിലൂടെ ഛായാഗ്രഹണകലയില്‍ പകരംവെക്കാനില്ലാത്ത സാന്നിധ്യമാണ് പുനലൂര്‍ രാജന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്ക് ഫോട്ടോഗ്രാഫി പൂര്‍ണമായും ചുവടുമാറിയതോടെ ക്യാമറയുടെ ലെന്‍സ് എന്നെന്നേക്കുമായി അടച്ചുവച്ചു അദ്ദേഹം. സാംസ്‌കാരിക കേരളത്തിന്റെ നേര്‍ക്കുപിടിച്ച ആ ക്യാമറക്കാഴ്ചകളുടെ ശില്‍പി ഇന്ന് എണ്‍പതിന്റെ നിറവിലാണ്. ഓര്‍ത്തെടുക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തതയോയെ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ സംസാരിക്കുന്നുണ്ട്.
ചരിത്രപ്രാധാന്യമുള്ളവ. അപൂര്‍വതകള്‍ നിറഞ്ഞവ. ഇത്രത്തോളം ഫോട്ടോകള്‍ എടുക്കുക മാത്രമല്ല അതൊക്കെ കൈമോശംവരാതെ കാത്തുസൂക്ഷിക്കുകയും ചെയ്ത മറ്റൊരു ഛായാഗ്രാഹകന്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്. ഇന്നെടുത്ത ഫോട്ടോ ഒരാഴ്ച കഴിഞ്ഞ് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണദ്ദേഹം.


പ്രമുഖവ്യക്തികളുമായി ഇഴുകിച്ചേര്‍ന്ന് നിന്ന് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്തു പുനലൂര്‍. അതുകൊണ്ടാണ് എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്:'കൈയിലൊരു ക്യാമറയുമായി ദൈവം ഭൂമിയിലേക്കയച്ച ചാരനാണ് പുനലൂര്‍ രാജന്‍'. രണ്ടാമൂഴവും അസുരവിത്തും കാലവും മഞ്ഞുമൊക്കെ മലയാളിക്ക് സമ്മാനിച്ച എം.ടി.യുടെ, അന്‍പത് വര്‍ഷം മുന്‍പ് പുനലൂര്‍ രാജന്‍ പകര്‍ത്തിയ, ചിത്രങ്ങളെല്ലാം ചേര്‍ത്ത്'എം.ടി യുടെ കാലം' എന്ന പേരില്‍ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എം.ടിയുടെ കുറെ ചിത്രങ്ങള്‍ എന്നതിലുപരി കേരളത്തിന്റെ കാല്‍പനികകാലത്തിന്റെ ഡോക്യൂമെന്ററിയായി അത് മാറി. നിറമില്ലായ്മയെന്ന പരിമിതിയെ മറികടക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ നിറവ് തുളുമ്പുന്ന പുസ്തകം തന്നെയാണത്.


ഈയിടെ അദ്ദേഹം കോഴിക്കോട്ട് ഒരു ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. പോയവസന്തം വിരുന്നുവന്ന പോലെയാണ് ആസ്വാദകര്‍ക്ക് അത് അനുഭവപ്പെട്ടത്. മാധവിക്കുട്ടിയുടെ ഐശ്വര്യം വര്‍ണിക്കാന്‍ കറുപ്പും വെളുപ്പും ധാരാളമെന്ന് വിളിച്ച് പറഞ്ഞു ആ ചിത്രങ്ങള്‍... ഷര്‍ട്ടിടാത്ത തകഴി, കോട്ടും സ്യൂട്ടും അണിഞ്ഞ് മോസ്‌കോയില്‍ പര്യടനം നടത്തുന്ന തകഴി... വൈക്കം മുഹമ്മദ് ബഷീറിന്റെ എത്രയെത്ര അസുലഭ നിമിഷങ്ങള്‍, വിവിധ ഭാവങ്ങള്‍... ഒരു ഫോട്ടോ പ്രിയനായ ബഷീറിന്റെ സന്തത സഹചാരിയായിരുന്നു പുനലൂര്‍ രാജനും ആ ക്യാമറയും. ഫോട്ടോഗ്രഫറും സാഹിത്യകാരനും തമ്മിലുള്ള അടുപ്പമായിരുന്നില്ല അത്. ബഷീര്‍ നിര്‍ദേശിച്ച ഫിറോസ് എന്ന പേരാണ് മകന് അദ്ദേഹം നല്‍കിയത് എന്നറിയുമ്പോള്‍ തന്നെ ആ ബന്ധത്തിന്റെ ആഴം മനസിലാവും. അത്രമേല്‍ ആത്മ ബന്ധമായിരുന്നു അവര്‍ തമ്മില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആര്‍ട്ടിസ്റ്റായി വിരമിച്ച ശേഷം തിരുവണ്ണൂര്‍ കോഴിപ്പുറം കോമ്പൗണ്ടിലെ സാനടുവില്‍ കഴിയുന്ന പുനലൂര്‍ രാജന്റെ അനുഭവങ്ങളില്‍ കഴിഞ്ഞ എണ്‍പതു വര്‍ഷത്തെ കേരളചരിത്രം മുഴുവന്‍ തിളയ്ക്കുന്നുണ്ട്. ഓര്‍മകള്‍ക്ക് കൂട്ടിരിക്കാന്‍ കോഴിക്കോട് അച്യുതന്‍ ജി.എച്ച്.എസില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച ഭാര്യ തങ്കമണിയുമുണ്ട്.



ബാല്യത്തിലേക്കൊരു ക്ലിക്ക്


1939ല്‍ തെക്കന്‍ തിരുവിതാംകൂറിലെ ശൂരനാട്ടുള്ള പേരെടുത്ത തറവാട്ടിലായിരുന്നു ജനനം. ധാരാളം കൃഷിയും സ്വത്തുക്കളുമുള്ള കുടുംബം. സമരവും സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ കാലം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഉള്‍പാര്‍ട്ടി പോരുകൊണ്ടും പിളര്‍പ്പുകൊണ്ടും പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ അതിന്റെ നോവും വേവും അറിഞ്ഞു കുട്ടിക്കാലത്ത്. പേരുകേട്ട ഭാഗവതര്‍ മാധവനാശാന്‍ മുത്തച്ഛനായിരുന്നു. അച്ഛന് പലതരം ബിസിനസുകള്‍ ഉണ്ടായിരുന്നു. ബിസിനസിലെ പിടിപ്പുകേടോ ധൂര്‍ത്തോ കാലത്തിന്റെ ലക്ഷണക്കേടാണോ എന്താണെന്നറിയില്ല, കുടുംബത്തിന്റെ സമ്പത്തെല്ലാം പെട്ടെന്ന് ചോര്‍ന്നുപോയി. പിടിച്ചുനില്‍ക്കാന്‍ നിവൃത്തിയില്ലാതെ ശൂരനാട് നിന്നും പുനലൂരുള്ള മുത്തച്ഛന്റെ ആശ്രമത്തിലേക്ക് താമസം മാറി. അധികകാലം നിന്നില്ല. വള്ളിക്കുന്നത്തുള്ള അമ്മയുടെ തറവാട്ടിലേക്കുപോയി. കോളേജില്‍ പോകാന്‍ സാധിക്കാത്ത വിധമുള്ള പ്രാരബ്ധങ്ങളായിരുന്നു. അതുകാരണമാണ് മാവേലിക്കര രവിവര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കലാപഠനത്തിന് ചേര്‍ന്നത്. അതായിരുന്നു വഴിത്തിരിവ്. ക്യാമറയും കലയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായി.


തുടക്കം രസത്തിന്


അച്ഛന്റെ റോളിഫ്‌ളക്‌സ് കാമറയില്‍ ഒരു രസത്തിന് പടമെടുത്ത് തുടങ്ങിയതാണ്. പിന്നെ അതൊരു ഹരമായി. നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളൊക്കെ ക്യാമറയിലാക്കി നടന്നു. ഇന്ത്യയും സോവിയറ്റ് യൂനിയനും സഹകരിച്ചുപോകുന്ന കാലത്താണ് സാംസ്‌കാരികമായി കേരളം കൂടുതല്‍ ഉണര്‍ന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
'സാംസ്‌കാരിക പരിപാടികളുടെ ഉത്സവമായിരുന്നു അക്കാലത്ത്. അമ്മയുടെ ബന്ധു കാമ്പിശ്ശേരി കരുണാകരന്‍ അന്ന് ജനയുഗം വാരികയുടെ എഡിറ്റര്‍. വാരികക്ക് വേണ്ടി ഫോട്ടോ എടുക്കാന്‍ ചില അവസരങ്ങള്‍ തന്നു. അതൊക്കെ ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് കണ്ടപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. കെ.പി.എ.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും അക്കാലത്താണ്. അത് കാരണം നാടക, സിനിമാ രംഗത്തെ പ്രഗല്‍ഭരുടെ ഒട്ടേറെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചു. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം സിനിമാ രംഗത്തേക്ക് ഇറങ്ങിയ കാലത്ത് അവരുടെ ഏണിപ്പടികള്‍ എന്ന സിനിമയിലും പ്രവര്‍ത്തിച്ചു.

റഷ്യയിലെ പഠനം


കൊച്ചിയിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അത് കവര്‍ ചെയ്യാന്‍ അവസരം ലഭിച്ചു. റഷ്യന്‍ യാത്രക്ക് കളമൊരുങ്ങിയത് അതുവഴിയാണ്. അന്നെടുത്ത ചിത്രങ്ങളില്‍ ചിലത് പ്രവദ പത്രത്തില്‍ അച്ചടിച്ച് വന്നു. തുടര്‍ന്ന് സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനത്തിന് പോകാന്‍ റഷ്യയിലേക്ക് ക്ഷണം ലഭിച്ചു. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിക്കുന്നത്. ജോലിക്ക് കയറിയ ശേഷം ലീവ് എഴുതിവച്ചിട്ട് റഷ്യയിലേക്ക് പോയി. ലീവ് അനുവദിച്ചോ ഇല്ലയോ എന്നൊന്നും അന്വേഷിച്ചില്ല. റഷ്യയിലെ വിഖ്യാതമായ സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ്‌വര്‍ഷം പഠിക്കാനുള്ള അവസരമാണ് ലഭിച്ചത്. ആ കാലത്ത് റഷ്യ സന്ദര്‍ശിച്ച പ്രഗല്‍ഭരുടെ ഫോട്ടോ എടുക്കുക എന്നത് ഒരു ഹോബിയായിരുന്നു. ഒരിക്കല്‍ കേരള മുഖ്യമന്ത്രി അച്യുതമേനോന്‍ റഷ്യയില്‍ വന്നു. മെഡിക്കല്‍ കോളേജിലെ ലീവിന്റെ കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചു. അദ്ദേഹം ഇടപെട്ടപ്പോള്‍ ലീവ് അനുവദിച്ചുകിട്ടി.
റഷ്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ നാട്ടിലേക്ക് മടങ്ങി പോകണം എന്ന് മനസ് പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പിതാവിന്റെ അസാന്നിധ്യം വലിയ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവാണ് ആ തീരുമാനത്തിലേക്കെത്തിച്ചത്. അന്നങ്ങനെ ചെയ്തതുകൊണ്ട് രണ്ടു മക്കളും ഇന്ന് ഡോക്ടര്‍മാരാണ്. മകന്‍ ഡോ.ഫിറോസ് കോയമ്പത്തൂരും മകള്‍ ഡോ. പോപ്പി മലേഷ്യയിലും ജോലി ചെയ്യുന്നു.


വീണ്ടും കോഴിക്കോട്ട്


റഷ്യയില്‍ നിന്ന് മടങ്ങി വന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പുനപ്രവേശിച്ച ശേഷം പണിയൊന്നും ഇല്ലാതായി. വെറുതെ ഇരുന്ന് ശമ്പളം വാങ്ങുക എന്നല്ലാതെ അവിടെ ജോലിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളേജിലെ ആര്‍ട്ടിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും പണിയുണ്ടാവണമെങ്കില്‍ അവിടെ എന്തെങ്കിലും ഗവേഷണം നടക്കണം. പ്രൈവറ്റ് പ്രാക്ടീസുമായി നടക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഗവേഷണത്തിന് എവിടെയാണ് സമയം.? ആന്റണി സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭാസം കൂടി കൊണ്ടുവന്നതോടെ മെഡിക്കല്‍ കോളേജുകളുടെ അവസ്ഥ പരിതാപകരമായി. ഒരു കോടി കൊടുത്ത് എം.ബി.ബി.എസ്. പഠിച്ചവര്‍ക്ക് എത്രേം പെട്ടെന്ന് മുടക്കിയ തുക തിരികെ പിടിക്കാനല്ലേ തോന്നൂ. കുട്ടികളെ പഠിപ്പിക്കാനും ഗവേഷണത്തിനുമൊന്നും അവര്‍ക്ക് താല്‍പര്യമുണ്ടാവില്ലല്ലോ.
കോഴിക്കോട് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചെറുകാട് അനുസ്മരണ ചടങ്ങിലെ വേദിയില്‍ ഡോ.കെ.എന്‍. എഴുത്തച്ഛന് മരിച്ചു വീഴുന്ന രംഗം ക്യാമറയില്‍ പകര്‍ത്തിയത് മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു... ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോ പല തവണ എടുത്തിട്ടുണ്ട്. കണ്ണൂരില്‍ കടല്‍ തീരത്ത് വച്ച് ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യിപ്പിച്ചത് ഇന്നലത്തെ പോലെ..... റഷ്യയിലേക്ക് പോകുന്ന സംഘത്തിന് ഇന്ദിരാ ഗാന്ധിയുടെ വീട്ടില്‍ സല്‍ക്കാരം നല്‍കിയപ്പോഴും ഫോട്ടോ എടുക്കാന്‍ അവസരം കിട്ടി. ഇന്നത്തെ പോലല്ല, ഫോട്ടോഗ്രാഫര്‍ക്ക് വിലയുണ്ടായിരുന്ന കാലമാണത്. എത്ര വലിയവരായാലും ഫോട്ടോഗ്രാഫറോട് പ്രത്യേക ബഹുമാനം പുലര്‍ത്തിയിരുന്നു.

 

എല്ലാം എന്നിലേക്ക്
വന്നുചേര്‍ന്നു


എടുത്ത ഫോട്ടോകളെല്ലാം എന്നിലേക്ക്‌വന്നുചേരുകയായിരുന്നു. ഫോട്ടോ എടുക്കാന്‍ അപ്പോയ്‌മെന്റ് വാങ്ങി കാത്തിരിക്കുന്ന ശീലമില്ല. അതുകൊണ്ടാണ് ടി. പത്മനാഭന്റെ ചിത്രങ്ങള്‍ എന്റെ ഫോട്ടോ ശേഖരത്തില്‍ ഇല്ലാതെ പോയത്. ഒ.വി.വിജയന്‍ ഡല്‍ഹിയില്‍ സെറ്റില്‍ ചെയ്തിരുന്നത് കൊണ്ട് അദ്ദേഹത്തെയും സംതൃപ്തിയോടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേരളചരിത്രവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ഡോക്യുമെന്റ്‌ചെയ്യാനാണ് 16 ാാ റോളിഫ്‌ളക്‌സ് മൂവി ക്യാമറ വാങ്ങിയത്. എം.എന്‍.ഗോവിന്ദന്‍ നായരുടെയും എന്‍.ഇ. ബല്‍റാമിന്റെയുമൊക്കെ മൂവി ഷൂട്ട് ചെയ്യുകയും ചെയ്തു. സ്റ്റില്‍ പോലല്ല മൂവി. അതിന് ഒരുപാട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടിയുണ്ട്. നമുക്ക് മാത്രം താല്‍പര്യം തോന്നിയാല്‍ പോരല്ലോ. മറ്റുള്ളവര്‍ക്കും അതുണ്ടാവണം. അത് കാരണം മൂവി ഷൂട്ട് ചെയ്തതൊക്കെ അങ്ങനെ തന്നെ ഇരിപ്പായി. ഏഷ്യാനെറ്റിന്റെ മങ്ങാട് രത്‌നാകരന്‍ വന്നു ചോദിച്ചപ്പോള്‍ അതൊക്കെ എടുത്തുകൊടുത്തു. ഇടയ്ക്കിടെ അവര്‍ ടിവിയില്‍ കാണിക്കാറുണ്ട്. ക്യാമറ കോഴിക്കോട് സിറ്റി കളര്‍ ലാബില്‍ ഏല്‍പ്പിച്ചു. സ്റ്റില്‍ ഫോട്ടോകളൊക്കെ ഡിജിറ്റലാക്കി അവരും സൂക്ഷിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്നവര്‍ക്ക് ഫോട്ടോ കൊടുക്കാനും പറഞ്ഞിട്ടുണ്ട്.

വരുമാന മാര്‍ഗമായി കണ്ടിട്ടില്ല


ഫോട്ടോഗ്രാഫി ഒരു വരുമാന മാര്‍ഗമായി ഒരിക്കലും കണ്ടിട്ടില്ല. സാംസ്‌കാരിക പരിപാടികള്‍ എവിടെ നടന്നാലും പോയി ഫോട്ടോ എടുക്കും. മാതൃഭൂമിക്ക് അയച്ചു കൊടുക്കും. ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം പ്രതിഫലം തരും. തരുന്നത് വാങ്ങും എന്നല്ലാതെ ആരോടും ഒന്നും ഡിമാന്‍ഡ് ചെയ്തിട്ടില്ല. ടി.പത്മനാഭനും എം.വി.ദേവനുമൊക്കെ പ്രത്യേക കോക്കസില്‍ പെട്ടവരായിരുന്നു. അതുകൊണ്ടാവാം അവരുടെ ചിത്രങ്ങളൊക്കെ എടുത്തിട്ടുണ്ടെങ്കിലും അധികം വെളിച്ചം കാണാതെ പോയത്. സ്വന്തം പണം മുടക്കി ഫിലിം വാങ്ങി ഫോട്ടോ എടുക്കുക, അത് പത്രങ്ങള്‍ക്കയച്ചു കൊടുത്തിട്ട് കാത്തിരിക്കുക. അച്ചടിച്ച് വന്നത് കണ്ട് സന്തോഷിക്കുക. പിന്നെ അതങ്ങ് മറക്കുക. അതായിരുന്നു അന്നത്തെ രീതി. വിവാഹഫോട്ടോ എടുത്ത് കാശുണ്ടാക്കാനും ശ്രമിച്ചിട്ടില്ല.

ആദരവിന് പുറകെ പോയിട്ടില്ല


ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും സോവിയറ്റ് ലാന്‍ഡ് ഏര്‍പ്പെടുത്തിയ നെഹ്‌റു സ്മാരക അവാര്‍ഡും മലയാള സര്‍വകലാശാല നല്‍കിയ ആദരവും ബഷീര്‍ ചെയര്‍ നല്‍കിയ ആദരവും ഏറെ സന്തോഷം നല്‍കുന്നുണ്ട്. കൊച്ചി ബിനാലെയില്‍ എന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കേരളചരിത്രത്തിന്റെ ഒരു ഭാഗം നേരില്‍ കണ്ട അനുഭൂതി ഉളവാക്കിയതായി പ്രദര്‍ശനം കണ്ടവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒരു സംതൃപ്തി തോന്നി. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും ലഭിച്ചു. വളരെ സന്തോഷം. ഒന്നും ചോദിച്ചു വാങ്ങിയതല്ല. ആദരവിന്‌വേണ്ടി ആരുടേയും പുറകെ പോയിട്ടില്ല. ജോലിയില്‍ കയറുന്നതിനുമുന്‍പ് റഷ്യ ഉള്‍പ്പെടെപല കമ്മ്യൂണിസ്റ്റ്‌രാജ്യങ്ങളും സന്ദര്‍ശിച്ചു. അതിനുശേഷം മകളെക്കാണാന്‍ ആസ്‌ട്രേലിയയില്‍ പോയതല്ലാതെ വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ല.


അങ്ങനെ ക്യാമറയോട് ബൈ ബൈ പറഞ്ഞു


മെഡിക്കല്‍ കോളേജില്‍ ജോലിക്ക് കയറിയതോടെ സ്വകാര്യ ഫോട്ടോ എടുപ്പ് നിന്നു. കാംപസില്‍ നടക്കുന്ന പരിപാടികളില്‍ മാത്രമായി ഒതുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പരിമിതികള്‍ കാരണം സാംസ്‌കാരികരംഗത്ത് നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വലിയ നഷ്ടം തന്നെയായിരുന്നു. അതിനൊപ്പമാണ് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം അരങ്ങേറിയത്. ഫോട്ടോഗ്രാഫറുടെ ജോലിയെല്ലാം യന്ത്രം ചെയ്യുന്ന സമ്പ്രദായത്തോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഫോട്ടോഗ്രഫിയോട് എന്നെന്നേക്കുമായി വിട പറഞ്ഞു.

പുതു തലമുറക്ക് പഴയ പ്രതിഭകളെ
പരിചയപ്പെടുത്തി

 

സോവിയറ്റ് യൂനിയന്റെ പ്രതാപകാലവും തകര്‍ച്ചയും കണ്ടു. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയെയും കണ്ടു. പട്ടിണിക്കാലത്തെ കേരളത്തെയും സമൃദ്ധിയുടെ കേരളത്തെയും കണ്ടു. ഇന്ന് ലോകം വളരെയധികം പുരോഗമിച്ചിരിക്കുന്നു. പുരോഗമിക്കുന്തോറും മനുഷ്യന് സ്വാര്‍ഥതയും വര്‍ധിക്കുന്നു. അവനവന്റെ സാമ്രാജ്യം നിലനിറുത്താനുള്ള തത്രപ്പാടാണ് എല്ലാവര്‍ക്കും. ഇന്നത്തെ തലമുറയ്ക്ക് എല്ലാം നിഷ്പ്രയാസമാണ്. ഫോട്ടോഗ്രഫിയുടെ കാര്യം തന്നെ നോക്കൂ. ഫിലിം വേണ്ട, രാസലായനികള്‍ വേണ്ട, ഡാര്‍ക്ക് റൂം വേണ്ട, ഫോട്ടോ കഴുകാന്‍ വെള്ളം വേണ്ട, ലെന്‍സ് ഫോക്കസ് ചെയ്യണ്ട, അപ്പര്‍ച്ചറിനെക്കുറിച്ചോ ഷട്ടറിനെക്കുറിച്ചോ അറിയണ്ട. എല്ലാം കാമറ ചെയ്‌തോളും. എല്ലാ രംഗത്തും ഇത് തന്നെയാണ് അവസ്ഥ. ടെക്‌നോളജി അത്രമാത്രം പുരോഗമിച്ചിരിക്കുന്നു. ഈ കാലത്തിരുന്നുകൊണ്ട് പഴയകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു സുഖമുണ്ട്......'
ബഷീര്‍,തകഴി, പൊറ്റക്കാട്, അഴീക്കോട്, മാധവിക്കുട്ടി, അച്യുതമേനോന്‍, ഇ.എം.എസ്....... തുടങ്ങി പല പ്രതിഭകളെയും പുതിയ തലമുറ നേരില്‍ കണ്ടിട്ടില്ല. പക്ഷേ അവരുടെ രൂപങ്ങള്‍ ഇന്നും ജനമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അതിന് കാരണക്കാരില്‍ പ്രധാനി പുനലൂര്‍ രാജന്‍ തന്നെയാണ്. നമ്മളിന്നു കാണുന്ന പഴയകാല സാംസ്‌കാരിക നായകരുടെ ഫോട്ടോകളില്‍ പലതും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. കാമറ തന്നെ വിരളമായിരുന്ന കാലത്ത്, കേവലം അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വാഗ്മയ രൂപങ്ങളായി അവശേഷിക്കുമായിരുന്ന പല പ്രതിഭകളെയും, അവരുടെ വിവിധ ഭാവങ്ങളെയും ഭംഗിയായി ചിത്രീകരിച്ച് ഭദ്രമായി സൂക്ഷിച്ചു എന്നത് ഒരു മഹത്തായ സംഭാവനയാണ്. അതിന് കേരളം എന്നും പുനലൂര്‍ രാജന്‍ എന്ന ഫോട്ടോഗ്രാഫറോട് കടപ്പെട്ടിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago