മാന്ദ്യകാലം കഴിഞ്ഞു, ഇന്നു മുതല്‍ സെക്രട്ടേറിയറ്റ് പഴയപടി
മന്ത്രിസഭാ യോഗം ഇന്ന്, പെരുമാറ്റച്ചട്ടത്തില്‍ ഇളവ് വരും
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്നു മുതല്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സജീവമാകും. മന്ത്രിമാരും അവരുടെ പേഴ്‌സനല്‍ സ്റ്റാഫുകളും ഇന്നു മുതല്‍ ഓഫിസിലെത്തി തുടങ്ങും. ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഇന്ന് നടക്കും.
കഴിഞ്ഞ പത്തിനാണ് മന്ത്രിസഭാ യോഗം അവസാനം കൂടിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് തിരക്കിലായി. കൂടാതെ പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെയായി. വോട്ടെണ്ണല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മേയ് 27 വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളെ ബാധിക്കാത്ത തീരുമാനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 11 മുതല്‍ സെക്രട്ടേറിയറ്റിലെ ജോലികളെല്ലാം മന്ദഗതിയിലായിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് പല ഉദ്യോഗസ്ഥരും ഫയലുകളില്‍ തീരുമാനമെടുക്കാതെ മാറ്റി വച്ചു. കൂടാതെ മുപ്പതിലേറെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരായി പോയതിനാല്‍ അവരുടെ ഓഫിസുകളുടെ ഫയല്‍ നീക്കവും സ്തംഭിച്ചു.
പകരം ചുമതല ലഭിച്ച ഉദ്യോഗസ്ഥരാകട്ടെ പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് ഫയലുകളും നോക്കാതെയായി.ഇതോടെയാണ് സെക്രട്ടറിയേറ്റില്‍ സ്തംഭാനാവസ്ഥ തുടര്‍ന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായതിനാല്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളും ഓഫിസില്‍ വരാതായി. ഇന്നു മന്ത്രിമാര്‍ വരുന്നതോടെ ഇവരും ജോലിയ്‌ക്കെത്തും. ഇന്നു മുതല്‍ ഫയല്‍ നീക്കം വേഗത്തിലാകുമെന്നാണ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."