കേന്ദ്രം ഇടപെടണമെന്ന് ആക്ടിവിസ്റ്റുകള്‍
അഹമ്മദാബാദ്: പെപ്‌സി കമ്പനി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരേ നല്‍കിയ 1.5 കോടിയുടെ നഷ്ടപരിഹാര കേസില്‍ കേന്ദ്രം ഇടപെടണമെന്ന് ആക്ടിവിസ്റ്റുകള്‍. സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് 193 ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കത്തയച്ചു. കര്‍ഷകര്‍ പീഡിപ്പിക്കപ്പെടരുതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കര്‍ഷക സംഘടനയായ ഗുജറാത്ത് കേദത്ത് സമാജ് നേതാവ് സാഖര്‍ റബ്‌റി ആവശ്യപ്പെട്ടു.
സബര്‍ക്കന്ത്, അരവല്ലി എന്നീ ജില്ലകളിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരേയാണ് കമ്പനി കോടതിയില്‍ നഷ്ടപരിഹാര കേസ് നല്‍കിയത്. ലെയ്‌സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതിനായി കമ്പനി പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ഉരുളക്കിഴങ്ങ് ഈ കര്‍ഷകരുണ്ടാക്കിയെന്നാണ് കമ്പനി അഹമ്മദാബാദ് കൊമേഴ്‌സ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ഏപ്രില്‍ ഒന്‍പതിന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച കോടതി കര്‍ഷകര്‍ക്കെതിരേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സാംപിളുകള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്‌വാനിയെ കമ്മിഷനറായി നിയോഗിച്ച കോടതി കേസ് ഇന്ന് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
2018ല്‍ പ്രാദേശികമായിയിട്ടാണ് കര്‍ഷകര്‍ക്ക് ഈ വിത്ത് കൈമാറിക്കിട്ടിയത്.
2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്ട് പ്രകാരം എഫ്.എല്‍ 2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പെപ്‌സികോ കമ്പനിയുടെ വാദം.
എന്നാല്‍ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളും കര്‍ഷകരും അവകാശപ്പെടുന്നത്. മാത്രമല്ല ഏത് വിളകളും കൃഷി ചെയ്യാനും വില്‍ക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും ഇവര്‍ പറയുന്നു. സര്‍ക്കാരും സമൂഹവും ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഭാവിയില്‍ മറ്റ് വിളകളുടെ കൃഷിയെയും ഈ നിയമം ബാധിക്കുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."