മാനന്തവാടിയില്‍ കോളനി ഇടിഞ്ഞു താഴ്ന്നു
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ ബോയ്‌സ് ടൗണ്‍ പ്രിയദര്‍ശിനി കോളനി ഇടിഞ്ഞു താഴ്ന്നു. അരക്കിലോമീറ്റര്‍ നീളത്തിലും രണ്ടു മീറ്റര്‍ താഴ്ചയിലുമാണ് ഈ പ്രദേശം മുഴുവന്‍ താഴ്ന്നത്. രണ്ടാഴ്ച മുന്‍പ് പ്രദേശത്ത് ഭൂമി പലയിടങ്ങളിലായി വീണ്ടുകീറുകയും വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രദേശം വലിയ തോതില്‍ ഇടിഞ്ഞു താഴ്ന്നത്.
സംഭവത്തില്‍ ഒരു വീട് പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 20 വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മുന്‍പ് വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായതോടെ അധികൃതരുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ 32 കുടുംബങ്ങള്‍ ക്യാംപിലേക്കു താമസം മാറ്റിയിരുന്നു. ബോയ്‌സ് ടൗണിലെ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ പരിശീലന കേന്ദ്രത്തിലാണ് ഇവിടുത്തെ മുഴുവന്‍ കുടുംബങ്ങളും നിലവില്‍ താമസിക്കുന്നത്.
പ്രദേശം ഇടിഞ്ഞു താഴ്ന്നത് മാനന്തവാടി -തലശ്ശേരി റോഡിനും ഭീഷണിയായി. ഈ റോഡില്‍ 300 മീറ്ററോളം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഈ റോഡിന്റെ ഒരു ഭാഗം പിളര്‍ന്ന് താഴുകയും ചെയ്തു. ഇതിനു താഴെയാണ് പ്രിയദര്‍ശിനി കോളനി.
ഇപ്പോഴും 18 ഏക്കര്‍ വിസ്തൃതിയുള്ള ഈ പ്രദേശം ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. ചാരുവിള പുത്തന്‍വീട് കെ. ബാബുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മോഹനന്‍ പുത്തന്‍പുരയ്ക്കല്‍, പാത്തു അത്തിക്കപ്പറമ്പില്‍, ആന്റണി കോട്ടയ്ക്കല്‍, സോമന്‍, റോയി, ഫിലിപ്പ്, ക്ലീറ്റസ് മുക്കത്ത്, ചെല്ലപ്പന്‍ തോട്ടവിള, വാസുദേവന്‍ ചെരിവുള്ള പുത്തന്‍വീട്, രാഘവന്‍ തോട്ടവിള, ജോണ്‍ വെട്ടത്ത് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
ഇതില്‍ മിക്കതും ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. ഒരു കിണര്‍ പൂര്‍ണമായും മണ്ണിനുള്ളിലേക്കു താഴ്ന്നു പോയിട്ടുണ്ട്. മറ്റൊരു കിണര്‍ ചെരിഞ്ഞ നിലയിലാണ്. പ്രദേശത്ത് വിവിധയിടങ്ങളില്‍ വന്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉറവയുമുണ്ട്. പലരുടെയും കൃഷിയും മണ്ണിനുള്ളിലാണ്. വൈദ്യുതിത്തൂണുകളും തകര്‍ന്നു. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശത്ത് വീടുവച്ച് താമസിക്കല്‍ ഇനി സാധ്യമല്ല. ഇനി എവിടെപ്പോയി ജീവിക്കുമെന്നറിയാതെ ആശങ്കയിലാണ് പ്രദേശത്തെ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."