ഓണം സവര്‍ണന്റേതല്ല, അവര്‍ണന്റേതു തന്നെയാണ്
80,90 കളില്‍ ആയിരുന്നു എന്റെ ബാല്യകാലം. ആ ഓണം ആഘോഷിച്ച ഒരു തലമുറയിലെ ഒരാളാണ് ഞാന്‍. സാങ്കേതികവിദ്യകളൊന്നും അത്ര സ്വാധീനിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു കാലം. സമപ്രായക്കാരായ കുട്ടികളുമൊത്ത് പറമ്പിലും പാടത്തും പോയി പൂക്കള്‍ ശേഖരിച്ച് മുറ്റത്ത് പൂക്കളം ഇട്ടിരുന്ന ഓര്‍മകളിലെ ഓണമാണ് അത്. വര്‍ണാഭമായ ഓണാഘോഷത്തിന്റെ സ്മൃതികള്‍ തന്നെയാണ് മനസിലുള്ളത്. അത്ര ദരിദ്രകുടുംബം ഒന്നുമായിരുന്നില്ലെങ്കിലും ഓണംവരുന്നത്ഒരുപാടു സന്തോഷങ്ങളുടേത് കൂടിയായിരുന്നു. അതിന്റെ ആകര്‍ഷണീയത ഓണത്തിനുണ്ടായിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് പുതുവസ്ത്രം ലഭിച്ചിരുന്നത്. അതില്‍തന്നെ നിര്‍ബന്ധമായും ഒരുവസ്ത്രം ലഭിക്കുമെന്ന് ഉറപ്പുള്ള ദിവസമായിരുന്നു ഓണം. മറ്റൊന്ന് പിറന്നാളിനും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനുമെല്ലാം ആയിരുന്നു.
ഇതില്‍ എല്ലാ പിറന്നാളിനും വസ്ത്രം ലഭിച്ചിരുന്നില്ല എന്നത് കൊണ്ടുതന്നെ ഓണം പുത്തനുടുപ്പുകളെ കാത്തിരിക്കുന്ന ഒരു ആഘോഷം ആയിരുന്നു. മറ്റെല്ലാവരെയും പോലെ പുത്തനുടുപ്പിട്ട് നടക്കുന്നതും കൂട്ടുകാരൊന്നിച്ചുള്ള ആഘോഷങ്ങളും വിരുന്നുകളുമൊക്കെയായി ആ ദിവസങ്ങള്‍ വിശേഷമായി ജീവിതത്തില്‍ നിറഞ്ഞുനിന്നു. എനിക്ക് ശേഷം ഒരു അഞ്ചുവര്‍ഷം കഴിഞ്ഞു പിറന്ന കുട്ടികള്‍ക്കൊന്നും ഒരുപക്ഷെ ആ പഴയ ഓണവും അതിന്റെ ശീലങ്ങളുമൊന്നും ആഘോഷങ്ങളില്‍ ഇത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടായിരിക്കില്ല. കാരണം കാലം അത്രമേല്‍ മാറിക്കഴിഞ്ഞതൊക്കെ വളരെ പെട്ടെന്നായിരുന്നുവല്ലോ.
പുതിയകാലത്തെ ഓണത്തെ ഞാന്‍നോക്കിക്കാണുന്നത് അതാത് സമയത്തെ മനുഷ്യരുടെ സന്തോഷങ്ങളില്‍ മത ജാതി പരിസരമൊന്നും നോക്കാതെ ഇടപെട്ട് ആഘോഷിക്കുന്ന സമൂഹത്തിന്റെ ഭാഗമായ ഒരാള്‍ എന്ന നിലയിലാണ്.
ഒരുജനപ്രതിനിധി എന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവരൊക്കെ നടത്തുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. നമ്മുടെ ആഘോഷങ്ങള്‍ ചിങ്ങ മാസത്തിലെ കുറച്ച് ദിവസങ്ങളിലാണെങ്കിലും കേരളത്തിന് പുറത്ത് പലയിടത്തും പലരാജ്യങ്ങളിലും മലയാളികള്‍ മാസങ്ങളോളം ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഞാന്‍ അവയിലൊക്കെ പങ്കെടുക്കാറുമുണ്ട്. ഡിസംബറില്‍ പോലും ഓണാഘോഷങ്ങള്‍ നടത്തുന്ന പല രാജ്യങ്ങളിലും അവയുടെ ഭാഗമാവാറുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പൊതു ആഘോഷമായി, ഒരു ദേശീയ ഉത്സവമായി ഓണത്തിന് മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണത്തിന്റെ മിത്തുകളും സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും ഒരുഭാഗത്ത്‌നില്‍ക്കുമ്പോഴും അതിന്റെ പ്രതിലോമപരതയെ ആ അര്‍ഥത്തില്‍ നോക്കിക്കാണുമ്പോഴും അതിനപ്പുറത്ത് എല്ലാവര്‍ക്കും യോജിക്കാവുന്ന, ഒത്തുചേരാവുന്ന ആഘോഷമായി ഓണം മാറുന്നു എന്നത് ആഘോഷത്തിന്റെ ഒരു പോസിറ്റീവ് വശമായി കാണുകയാണ്.
നമ്മുടെ സാംസ്‌കാരികചിഹ്നങ്ങള്‍ എന്ന്പറഞ്ഞുപരിചയപ്പെടുത്തുന്നവയെല്ലാം പുരാതന വിശ്വാസങ്ങളുടെ, ഗോത്രസംസ്‌കാരങ്ങളുടെ ഭാഗമായി രൂപപ്പെട്ടവയാണ്. ആചിഹ്നങ്ങളും സമ്പ്രദായങ്ങളും രീതികളും അതേപടി ഒരു ജാനാധിപത്യയുഗത്തിലേക്ക് വലിച്ചിഴച്ച്‌കൊണ്ടുവരേണ്ട ഉത്തരവാദിത്വമൊന്നും നമുക്കാര്‍ക്കുമില്ല. അതുകൊണ്ട്പുതിയകാലത്ത്ഓരോചിഹ്നങ്ങളും ചിന്തകളും സമകാലികപ്രസക്തിയോടെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടതായിട്ടുണ്ട്. ഈ ചിഹ്നങ്ങളൊക്കെ കുറെ നിക്ഷിപ്തതാല്‍പര്യങ്ങളോടെ അടിച്ചേല്‍പ്പിക്കാനുള്ളശ്രമങ്ങളെ നാം തിരിച്ചറിയുകയും വേണം.
ഹൈന്ദവ ചിഹ്നങ്ങളെ പല ന്യായവാദങ്ങളിലൂടെ പൊതുചിഹ്നങ്ങളാക്കി നമ്മുടെ ശീലങ്ങളില്‍ ഒരു ബാധ്യതയായി അടിച്ചേല്‍പ്പിക്കുകയാണ് നിലവില്‍ പലതും. അതേസമയം ഇതര മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാംസ്‌കാരിക ചിഹ്നങ്ങളോ വിശ്വാസങ്ങളോ കടന്നുവരുമ്പോള്‍ അതിനെ ആദ്യഘട്ടത്തില്‍ തന്നെ പ്രത്യക്ഷമായി ഒരു അപരത്വം നല്‍കി മാറ്റി നിര്‍ത്താനും അപകടമായി കണ്ട് പ്രതിരോധിക്കാനുമുള്ള ഒരു പ്രവണതയും ഇവിടെയുണ്ട്. നമുക്ക് ചെയ്യാനുള്ളത് പൊതു ഇടങ്ങളെ പരമാവധി മതേതരമാക്കുക എന്നതാണ്.
ഓണത്തിന്റെ ഉത്ഭവം പോലും സവര്‍ണമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ പോലും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയാണ്. ഓണത്തിന്റെ ഐതിഹ്യങ്ങളെ മിത്തുകളെ സങ്കല്‍പ്പകഥകളെമാറ്റി നിര്‍ത്തിയാല്‍ സുഭിക്ഷതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളാണ് എന്നുകാണാം. കാരണം ഉണ്ണാനും ഉടുക്കാനുമില്ലാത്തവരുടെ ആഘോഷങ്ങളാണ് കാര്‍ഷിക ആഘോഷങ്ങള്‍. മറ്റു മാസങ്ങള്‍ക്കില്ലാത്ത ഒരുസുഭിക്ഷത ഓണത്തിന് ഉണ്ടാകണമെങ്കില്‍ അവര്‍ മറ്റു മാസങ്ങളില്‍ അത് അനുഭവിക്കാത്തവരായിരിക്കണം. എല്ലാദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന, ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും അവനവന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താനും സാധ്യമാകുന്ന സവര്‍ണര്‍ക്കും സമ്പന്നര്‍ക്കും ജന്മിമാര്‍ക്കും ഓണം ഒരിക്കലും ഒരു ആഘോഷമേആകുന്നില്ല. വയലില്‍ പണിയെടുക്കുന്നവരുടെയും സമൃദ്ധി ഒരു ആഘോഷമാകുന്നവരുടെയും കാര്‍ഷിക സംസ്‌കാരം ജീവിതത്തിന്റെ ഭാഗമായവരുടെയും ആഘോഷം തന്നെയാകുന്നു ഇത്തരം വിളവെടുപ്പ് ഉത്സവങ്ങള്‍. അതിനോടൊപ്പം ചില
സവര്‍ണ മിത്തുകള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടാകാം. അതില്‍ തന്നെ നാള്‍ക്കുനാള്‍ സവര്‍ണത വര്‍ധിച്ചു വരികയാണ്. ആദ്യകാലങ്ങളില്‍ ഒരു അസുര രാജാവ് എന്ന നിലയില്‍ അവതരിപ്പിച്ചിരുന്ന മഹാബലി പൂണൂലിട്ട മഹാബലിയായിട്ടാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. ഇങ്ങിനെ സങ്കല്‍പ്പങ്ങളെ പോലും സവര്‍ണവല്‍കരിക്കുകയും സംസ്‌കൃതവല്‍കരിക്കുകയും ചെയ്യുകയാണ് ഒരു വിഭാഗം. അതില്‍ നിന്ന് മാനവീകതയുടെ ഒരു ഓണത്തെ തിരിച്ചു പിടിക്കലാണ് ഈ വിഷയത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
എത്രയോ കാലങ്ങളായി സാമൂഹ്യ ശീലങ്ങളും സാംസ്‌കാരികരീതികളും രൂപപ്പെട്ടതുതന്നെ ജാതി അടിസ്ഥാനമാക്കിയാണ്. വലിയ അഭിമാനത്തോടെ എഴുന്നള്ളിക്കുന്ന ആര്‍ഷഭാരത സംസ്‌കാരത്തില്‍ എവിടെയും ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് എങ്ങനെ ഇടപെടണം എന്ന് പറയുന്നില്ല.
മറിച്ച് ഒരു ബ്രാഹ്മണന്‍ എങ്ങനെ ക്ഷത്രിയനോട് ഇടപെടണം ഒരു ബ്രാഹ്മണന്‍ എങ്ങനെ ശൂദ്രനോട് ഇടപെടണം ശൂദ്രന്‍ എങ്ങനെ ബ്രാഹ്മണനെ ബഹുമാനിക്കണം ജാതിവ്യവസ്ഥക്ക് പുറത്തുള്ള അവര്‍ണര്‍ എങ്ങനെയൊക്കെയാണ് ജാതിവ്യവസ്ഥക്ക് അകത്തുള്ളവരുമായി ഇടപെടേണ്ടത്. അവര്‍ സമൂഹത്തിലെ ഇടപെടലുകളില്‍ എത്ര അടി മാറിനില്‍ക്കണം അവരെങ്ങനെ വസ്ത്രം ധരിക്കണം,സമൂഹത്തില്‍ ഇടപെടണം എന്നൊക്കെയാണ് സംസ്‌കാരവും ചരിത്രവും നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ഒരുമനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ഇടപെടേണ്ട രീതികള്‍ നമ്മോട് പറയുന്നില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും ആ ജാതി വ്യവസ്ഥയുടെ സ്വാധീനം ഇവിടെ നില നില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അതിനെ മറികടക്കുന്ന സാംസ്‌കാരിക ശീലം വളര്‍ത്തിയെടുക്കാന്‍ ഇവിടെ സാധ്യമായിട്ടില്ല. നമ്മള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇടപെടുന്നതുമെല്ലാം ജാതിയിലൂടെ തന്നെയാണ്.
അതില്‍ നിന്ന് വലിയ ഒരു മാറ്റമൊന്നും സ്വാതന്ത്ര്യാനന്തര പത്തെഴുപതു വര്‍ഷങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടില്ല. അതിനാല്‍ പൂര്‍ണ അര്‍ഥത്തിലുള്ള ജനാധിപത്യ സാംസ്‌കാരിക ശീലങ്ങളിലേക്ക്, സമത്വ ചിന്തയിലേക്ക് മാറണമെങ്കില്‍ ഇനിയും ധാരാളം സമയമെടുക്കും. അതുകൊണ്ടു തന്നെ ചില വ്യക്തികള്‍ ജാതി വേണ്ടെന്നു വയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നതല്ല ഇവിടുത്തെ ജാതി വ്യവസ്ഥയുടെ സ്വാധീനം എന്ന് പറയേണ്ടി വരും. എന്നാല്‍ ചില വ്യക്തികള്‍ ജാതിയെ അഡ്രസ് ചെയ്യുന്നതുകൊണ്ട് ജാതി ഇവിടെ രൂഢമൂലമാകുന്നുമില്ല.
അങ്ങനെ ചില വായനകള്‍ കാണാം പലയിടത്തും. സര്‍ക്കാര്‍ രേഖകളില്‍ ജാതി ചോദിക്കുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ സംവരണം നിലനില്‍ക്കുന്നത് കൊണ്ടാണ് ഇവിടെ ജാതി നിലനില്‍ക്കുന്നത് എന്ന്. അതുകൊണ്ട് സംവരണം ഇല്ലാതായിക്കഴിഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ ഇവിടെ ജാതി ഇല്ലാതാകും എന്നൊക്കെ കുറെ നിഷ്‌ക്കളങ്കര്‍ അഭിപ്രായപ്പെടുന്നത്കണ്ടിട്ടുണ്ട്. അത് അവരുടെ സാമൂഹികവീക്ഷണം അത്രമേല്‍ ഉപരിപ്ലവമായതുകൊണ്ടു മാത്രമാണ്. അവരോടൊപ്പം വ്യക്തമായ അജണ്ടകളുള്ള സവര്‍ണ മസ്തിഷ്‌ക്കങ്ങളും ചേരുന്നു എന്നതാണ് ഈ ചിന്തയിലെ അപകടം. ജാതി യാഥാര്‍ഥ്യമാണെന്ന് ഉള്‍ക്കൊള്ളുകയും ജാതിയെ അഡ്രസ് ചെയ്യുകയും ചെയ്യുകയാണ് വേണ്ടത്. അത് തന്നെയാണ് നീതിനിഷേധിക്കപ്പെട്ട തലമുറകളോട് ചെയ്യാനുള്ള പ്രായശ്ചിത്തം.
എന്നാല്‍ ഇത് പറയുമ്പോഴും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മില്‍ അതിന്റെ മാഗ്‌നിറ്റിയൂഡിലും ഇമ്പാക്ടിലും വലിയ വ്യത്യാസമുണ്ട്.
ന്യൂനപക്ഷ വര്‍ഗീയതക്ക് പരമാവധി ഭീകരവാദമാകാനേ പറ്റൂ. അവര്‍ക്ക് വേണമെങ്കില്‍ ബോംബ് പൊട്ടിക്കാം, ബസ് കത്തിക്കാം, കൈവെട്ടാം. പക്ഷേ, അപ്പോഴും അതിനെ ശക്തമായി അടിച്ചമര്‍ത്താന്‍ നമുക്ക് മതേതര ഭരണകൂടത്തിന്റെ ഔദ്യോഗിക ഉപകരണങ്ങളുണ്ട്; പൊലിസ്, പട്ടാളം, ഇന്റലിജന്‍സ് സംവിധാനങ്ങള്‍, നിയമം, കോടതി,പിന്നെ മാധ്യമങ്ങളുണ്ട്, പൊതുജനാഭിപ്രായമുണ്ട്, എല്ലാമുണ്ട്. എന്നാല്‍ ഭൂരിപക്ഷം വര്‍ഗീയതയിലേക്ക് തിരിഞ്ഞാല്‍ അത് ഫാഷിസമായി മാറും; തെരഞ്ഞെടുപ്പുകളില്‍ അവര്‍ അനായാസം ജയിക്കും, പൊലിസിനേയും പട്ടാളത്തിനേയും ഇന്റലിജന്‍സിനേയുമൊക്കെ അവര്‍ നിയന്ത്രിക്കും, നിയമങ്ങള്‍ അവര്‍ തന്നിഷ്ടത്തിന് നിര്‍മിക്കും, കോടതികള്‍ പോലും അവരോട് ചേര്‍ന്നു നില്‍ക്കും, മാധ്യമങ്ങള്‍ അവര്‍ക്കനുകൂലമായ പൊതുബോധം സൃഷ്ടിച്ചെടുക്കും. ചരിത്രത്തേയും രാഷ്ട്ര സങ്കല്‍പ്പത്തെത്തന്നെയും അവര്‍ മാറ്റിമറിക്കും.
അവരെ എതിര്‍ക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടും. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷ തീവ്രവാദി ഒന്നിനു പുറകേ ഒന്നായി രാജ്യദ്രോഹക്കേസുകളില്‍ കുറ്റാരോപിതനായി ആയുഷ്‌ക്കാലം ജയിലില്‍ കിടക്കും, ഭൂരിപക്ഷതീവ്രവാദി കൂട്ടക്കൊലകളുടെ പാപക്കറകള്‍ ഫോട്ടോഷോപ്പിലിട്ട്മായ്ച്ചുകളഞ്ഞ് വികസനനായകന്റെ പ്രതിച്ഛായയുമായി അധികാരക്കസേരയിലേക്ക് അനായാസം നടന്നടുക്കും.
ഇപ്പോഴും ഒന്നു മത്സരിച്ചാല്‍ നോട്ടയുടെ പിറകില്‍ നില്‍ക്കുന്ന, അതെ മതവിഭാഗത്തില്‍ നിന്ന് തന്നെ ഈ വര്‍ഗീയതയെ പ്രതിരോധിക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയേയും ഇന്ത്യ ഭരിക്കാന്‍ മാത്രം ശക്തമായി വളര്‍ന്ന ഭൂരിപക്ഷ വര്‍ഗീയതയേയും ഒരേ തുലാസില്‍ വച്ച് തൂക്കമൊപ്പിച്ച് വിമര്‍ശിക്കണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ല.
ഫേസ്ബുക്കില്‍ ഏറെ വായനക്കാരുള്ള യൂനിസ്ഖാന്‍ എഴുതിയ പോസ്റ്റില്‍ ഇതിനു മറുകുറിയായി എഴുതിയിട്ടുണ്ടായിരുന്നു.
ചെറുപ്പത്തില്‍ തനിക്ക് ക്രിക്കറ്റില്‍ അസ്ഹറുദീനെയായിരുന്നു ഇഷ്ടം എന്നിട്ടും അത് പറയുമ്പോഴുള്ള ചുളിഞ്ഞ നോട്ടങ്ങള്‍ ഒഴിവാക്കാന്‍ ദ്രാവിഡിന്റെയും സച്ചിന്റെയുമെല്ലാം ആരാധകനാണ് താന്‍ എന്ന് പറയുമായിരുന്നു എന്ന്. ഇന്ന് ലോകകപ്പില്‍ ഈജിപ്ത്യന്‍ പ്ലയര്‍ ആയ സലാഹിനെ ഇഷ്ടതാരമായി തിരഞ്ഞെടുക്കാനും സൗദിയെ ഇഷ്ടപ്പെടാനുമുള്ള ചോയ്‌സിന് പോലും ഒരുവിഭാഗം ന്യായങ്ങള്‍ നിരത്തേണ്ട ഗതികേടിലാണ്.
ഇത്തരം ഒരു േെശഴാമ നിലനില്‍ക്കുന്നുണ്ട് സമൂഹത്തില്‍. അത്ഇല്ലെന്ന് നിഷേധിച്ച് അതിനെ നിസാരമായി തള്ളിക്കളയാന്‍ സാധ്യമല്ല. സ്വന്തം രാജ്യസ്‌നേഹം തെളിയിക്കുക അത്ചിലരെ ബോധ്യപ്പെടുത്തുക. തങ്ങളുടെ നിലപാടുകള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ്‌സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക എന്നതൊക്കെ ഒരു വിഭാഗത്തിന്റെ ഗതികേട് ആയിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ അത്തരം അവസ്ഥ അടിച്ചേല്‍പ്പിക്കുന്നുണ്ട്.
സംഘ്പരിവാരം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലൂടെയാണ്‌ന്യൂനപക്ഷത്തിന്റെ രാജ്യസ്‌നേഹവും ദേശീയതയുമെല്ലാം തെളിയിക്കപ്പെടേണ്ടത് എന്നും അതിനുപുറത്തുള്ളവരുടെ വികാര വിചാരങ്ങളും താല്പര്യങ്ങളും എല്ലാം ദേശവിരുദ്ധമാണെന്നും അവര്‍ രാജ്യദ്രോഹികള്‍ എന്ന ചാപ്പ കുത്തലിനു വിധേയരാവേണ്ടവര്‍ ആണെന്നും ഒരുപുതിയ ക്രമം അവതരിപ്പിക്കുകയാണ് അവര്‍. അതിനെ നിരാകരിക്കുകയും ജനാധിപത്യ ചേരികളില്‍ നിന്നുകൊണ്ട് എതിര്‍ക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഒരുദേശത്തിന്റെയോ വിഭാഗത്തിന്റെയോ പ്രശ്‌നമായിട്ടല്ല നോക്കിക്കാണേണ്ടത്. മതേതര ജനാധിപത്യ സമൂഹത്തിന്റെ തന്നെ പ്രശ്‌നമായി ഏറ്റെടുക്കാന്‍ കഴിയണം.
കേരളത്തില്‍ മാത്രം രാഷ്ട്രീയം പറയേണ്ട ഉത്തരവാദിത്വം മാത്രമുള്ള ചില ഇടതു രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരം സേഫ് സോണ്‍ രാഷ്ട്രീയം പറയുന്നത് എന്ന് എനിക്ക് തിരിച്ചു പറയേണ്ടി വരും. കേരളത്തിലേയും ഉത്തരേന്ത്യയിലെയും രാഷ്ട്രീയ അവസ്ഥകള്‍ വ്യത്യസ്ഥമാണ്. കേരളംപോലെ ന്യൂനപക്ഷങ്ങള്‍ക്ക്‌നിര്‍ണായക സ്വാധീനമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുക എന്നു മാത്രം ഉദ്ദേശ്യം വെച്ച് കോണ്‍ഗ്രസില്‍ നിങ്ങള്‍ക്ക് മൃദുഹിന്ദു സമീപനം ചാര്‍ത്തി ഇവിടെയുള്ള ഹിന്ദുമത വിശ്വാസികളെ കൂടി കോണ്‍ഗ്രസില്‍ നിന്ന് അകറ്റി ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കപ്പെടുന്ന രീതിയില്‍ ബി.ജെ.പി പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്ക് എതിരല്ല സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്കാണ് എതിര് എന്ന് തെളിയിക്കേണ്ടതുണ്ട്. അതൊരു പരമാര്‍ത്ഥവുമാണ്. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധമല്ല. അതുപക്ഷേ സാക്ഷരരായ വായനയും ചിന്തയും നിലപാടും ഉള്ള കേരളത്തിലെ പൊതുസമൂഹത്തിനിടയില്‍ സവദിക്കുന്നതുപോലെ എളുപ്പമല്ല ഉത്തരേന്ത്യയില്‍.
അവിടെ ഹിന്ദുഭൂരിപക്ഷമുള്ള ഇടങ്ങളില്‍ ജനാധിപത്യപരമായ രീതിയില്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനെ ഹിന്ദു പ്രീണനം എന്ന രീതിയിലാണ് സംഘ്പരിവാരത്തിനെതിരില്‍ മതേതര പക്ഷത്ത് നില്‍ക്കും എന്ന് കരുതുന്ന ചെറുപാര്‍ട്ടികള്‍ പോലും കരുതുന്നതെങ്കില്‍ അത് ആത്മഹത്യാപരം ആണെന്ന് പറയാനേ കഴിയൂ.
ഇന്ത്യയില്‍ മഹാഭൂരിപക്ഷം ആളുകളും മതവിശ്വാസികള്‍ ആണെന്നുള്ളത് ഒരു വസ്തുതയാണ്. അതില്‍ തന്നെ ഭൂരിപക്ഷം പേരും ഹിന്ദു മതവിശ്വാസികളുമാണ്. അതുകൊണ്ടുതന്നെ ഹിന്ദുമത വിശ്വാസികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളെ മതേതരപക്ഷത്ത് നിലനിര്‍ത്തുക എന്നുള്ള സുപ്രധാനമായ ഒരു ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടത് കോണ്‍ഗ്രസാണ്.
കേരളത്തിലെ നേതാക്കള്‍ക്ക് ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് ഉത്തരേന്ത്യയില്‍ അതു നടപ്പാക്കുക എന്നത്. കേരളത്തില്‍ തീവ്ര മതേതര നിലപാടുകള്‍ പറഞ്ഞിരുന്ന ഇടതുപാര്‍ട്ടികള്‍ തന്നെ ബംഗാളില്‍ കാളീപൂജയൊക്കെ ഏറ്റെടുത്ത് നടത്തിയിരുന്നു എന്ന് നമുക്കെല്ലാമറിയാം. മതവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ വിളിച്ച് പറയുന്ന പാര്‍ട്ടിയില്‍ അതിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍ സിംഗിനെ പോലെ ഒരാള്‍ പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ നില്‍ക്കുമ്പോഴും തന്റെ മത ചിഹ്നങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല എന്നതും ഇതിനോട് കൂട്ടിവായിക്കണം. അതുകൊണ്ടുതന്നെ കേരളീയ സാഹചര്യങ്ങളില്‍ നിന്ന് നമുക്കിതിനെ പൂര്‍ണമായി ചര്‍ച്ച ചെയ്യാനാവില്ല.
അതുകൊണ്ട് സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി യോജിച്ചരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക എന്നുള്ളതാണ് മതേതര ജനാധിപത്യ ചേരികളെ ശക്തിപ്പെടുത്താനുള്ള ഏക പോംവഴി. അതൊരുപ്രതീക്ഷയാണ്. നാള്‍ക്കുനാള്‍ വര്‍ഗീയശക്തികള്‍ സമൂഹത്തില്‍ പലതരത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ നല്ലനാളുകള്‍ തിരിച്ചുവരും എന്ന സ്വപനത്തിലേക്ക് നടന്നു തുടങ്ങാനുള്ള സ്വപ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."