ആര്‍.എസ്.എസ് വേദിയിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കും
ന്യൂഡല്‍ഹി: തങ്ങളുടെ കടുത്ത വിമര്‍ശകനായ രാഹുല്‍ ഗാന്ധിയെ ആര്‍.എസ്.എസ് അടുത്ത മാസം നടക്കാനിരിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം 17 മുതല്‍ 19 വരെ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയിലേക്കാണ് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായ രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. രാഹുല്‍ ഗാന്ധിക്കു പുറമെ സീതാറാം യെച്ചൂരിയുള്‍പ്പടെ മറ്റു പ്രധാന ദേശീയ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയിലെ ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് വിളിക്കുന്നത്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതാകും പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക. രാജ്യത്തെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന വിവിധ നേതാക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. അതേസമയം, ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ആര്‍.എസ്.എസിനെതിരേ രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനമുന്നയിച്ച വേളയിലാണ് ക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്. ആര്‍.എസ്.എസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും ഒരേ താല്‍പര്യമാണെന്ന് ആരോപിച്ച രാഹുലിനെതിരേ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബ്രദര്‍ഹുഡുമായി ആര്‍.എസ്.എസിനെ താരതമ്യം ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നുമായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഈ വിവാദം കെട്ടടങ്ങും മുന്‍പാണ് രാഹുലിനെ ആര്‍.എസ്.എസ് വേദിയിലേക്ക് ക്ഷണിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മുന്‍പ് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത് വന്‍ വിവാദമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഭ്യര്‍ഥന നിരസിച്ച് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."