ശ്രീലങ്കയില്‍ അതീവ സുരക്ഷ
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ സ്‌ഫോടന പരമ്പരകള്‍ക്കു പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്നു രാജ്യത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊളംബോയിലെ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അടച്ചു. വിമാനത്താവളങ്ങളിലേക്കടക്കമുള്ള പ്രധാന റോഡുകളടക്കം അടച്ചാണ് പഴുതടച്ച സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു രാജ്യത്തൊട്ടാകെ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആശങ്കകള്‍ അവസാനിച്ചിട്ടില്ലെന്നും സുരക്ഷ ശക്തമാക്കിയതായും ശ്രീലങ്കന്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലിസും നാവികസേനയും വ്യോമസേനയുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിങ് നടത്തുന്നുണ്ട്. പ്രധാന റോഡുകള്‍ പലതും അടയ്ക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്ത പൊലിസ്, സംശയാസ്പദമായ വാഹനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നതായി പൊലിസ് വക്താവ് റുവാന്‍ ഗുണശേഖര വ്യക്തമാക്കി. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമടക്കം റെയ്ഡുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിറകെ തുടര്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ് ഇത്തരത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കൊളംബോയെ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടെന്നായിരുന്നു സന്ദേശം. ഇതേ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇന്നലെ രാജ്യത്തെ ഒരു ടൗണില്‍ സ്‌ഫോടനം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആളപായമുണ്ടായില്ലെങ്കിലും സംഭവത്തെ തുടര്‍ന്നു കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചതായാണ് വിവരം. ഭീഷണി ഒഴിവാകുംവരെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രധാന പുരോഹിതന്‍മാരടക്കമുള്ളവര്‍ക്കു വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.അതേസമയം, ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 16 പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും വിദേശികളുമടക്കം പൊലിസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. ഇതോടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം 76 ആയി. പിടിയിലായവരില്‍ വിസയടക്കം രേഖകളൊന്നുമില്ലാത്ത ഒരു ഈജിപ്ത് പൗരനും ഉള്ളതായാണ് വിവരം.
അതേസമയം, ന്യൂസിലന്‍ഡിലുണ്ടായ ഭീകരാക്രമണത്തിനുള്ള മറുപടിയാണ് ശ്രീലങ്കയിലെ ആക്രമണങ്ങളെന്ന വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്തെ മുസ്‌ലിംകള്‍ ഭീതിയിലാണ്. ആക്രമണങ്ങളെ അപലപിച്ചും ഉത്തരവാദികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടും ശ്രീലങ്കയിലെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നിഗെംബോ ഉള്‍പ്പെടെ ഭീകരാക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍നിന്നെല്ലാം മുസ്‌ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മരിച്ചത് 253 പേര്‍ മാത്രമെന്ന് ശ്രീലങ്ക
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ തിരുത്തുമായി ശ്രീലങ്കന്‍ അധികൃതര്‍ രംഗത്ത്. നേരത്തെ, 359 പേര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിരുന്ന അധികൃതര്‍ 253 ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് ഇന്നലെ വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കുന്നതില്‍ അധികൃതര്‍ക്കു ഗുരുതര പിഴവ് സംഭവിച്ചതായി ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്.
ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ ജനറലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ കണക്കെടുക്കുമ്പോള്‍ നേരത്തെ മൃതദേഹാവശിഷ്ടങ്ങള്‍വരെ എണ്ണിയെന്നാണ് ഇതേക്കുറിച്ചുള്ള വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."