ജയിലില്‍ പ്രതിയുടെ ആത്മഹത്യ: സുരക്ഷാവീഴ്ചയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
കണ്ണൂര്‍: വനിതാ ജയിലില്‍ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുരാക്ഷാ വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്.
റീജ്യനല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുകേഷ് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എസ്. സന്തോഷിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിഷയം ഗൗരവതരമായാണു കാണുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യയെ (30) കഴിഞ്ഞ 24നു രാവിലെയാണ് വനിതാ ജയിലിനോടു ചേര്‍ന്നുള്ള ശൗചാലയത്തിനു സമീപത്തെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തിനായി ജയില്‍ ഡി.ഐ.ജി നാളെ വനിതാ ജയില്‍ സന്ദര്‍ശിക്കും. വിശദമായ പരിശോധനകള്‍ക്കു ശേഷം ജയില്‍ ഡി.ജി.പിക്കു സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡി.ഐ.ജി വ്യക്തമാക്കി.
ജയിലില്‍ പശുക്കളെ നോക്കുന്നതായിരുന്നു സൗമ്യയുടെ ചുമതല. രാവിലെ പുല്ലരിയാന്‍ പോയ സൗമ്യയെ പിന്നീട് കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏക പ്രതിയായ സൗമ്യയുടെ മരണത്തോടെ പിണറായി കൂട്ടക്കൊലക്കേസും അവസാനിക്കുകയാണ്. പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ കേസ് പരിഗണിക്കുന്ന തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് തലശ്ശേരി പൊലിസ് അറിയിച്ചു.
ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു
കണ്ണൂര്‍: വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പിണറായി കൂട്ടക്കൊലക്കേസ് പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പയ്യാമ്പലം ശ്മശാനത്തില്‍ ജയില്‍ അധികൃതര്‍ മുന്‍കൈയെടുത്താണ് സംസ്‌കാരം നടത്തിയത്. ഇന്നലെ രാവിലെ 11.30ഓടെ അനാഥ മൃതദേഹങ്ങള്‍ മറവു ചെയ്യുന്ന കുഴിയിലാണ് സൗമ്യയുടെ മൃതദേഹം അടക്കം ചെയ്തത്. ഭാവിയിലുണ്ടാകുന്ന നിയമപ്രശ്‌നം കണക്കിലെടുത്ത് ദഹിപ്പിക്കാതെ സംസ്‌കരിക്കുകയായിരുന്നു.
കഴിഞ്ഞ 24നു ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലെന്നു സഹോദരി അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറാകാതിരുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനാഥ മൃതദേഹങ്ങളുടെ നടപടിക്രമം പോലെ മൂന്നു ദിവസം കാത്തിരുന്നാണു സംസ്‌കാരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."