പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം
പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി മുറിഞ്ഞഴി ഭാഗത്ത് പത്ത് വീടുകളിലും പാലപ്പെട്ടി കാപ്പിരിക്കാട് ഒരു വീട്ടിലും വെള്ളംകയറി. കഴിഞ്ഞ ദിവസം രൂപംകൊണ്ട ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായത്. ശക്തമായി ആഞ്ഞടിച്ച തിരമാലകളെ തുടര്‍ന്ന് ഉച്ചയോടെ തിരമാലകള്‍ വീടുകളിലേക്ക് ഇരച്ചുകയറി.
മുറിഞ്ഞഴി സ്വദേശികളായ പറമ്പില്‍ സുഹ്റാബി, മോയിന്റെ വീട്ടില്‍ ഹാജറ, മാമുഞ്ഞിക്കാന്റകത്ത് കുഞ്ഞിപ്പാത്തു, ആല്യാമാക്കാനകത്ത് ഇമ്പിച്ചി ബീവി, കുട്ട്യാമാക്കാനകത്ത് പള്ളിക്കുട്ടി, കുഞ്ഞി മരക്കാരകത്ത് സീനത്ത്, ചുണ്ടന്റെ വീട്ടില്‍ ആയിഷ, തണ്ടക്കാരന്റെ ഷരീഫ, കുട്ട്യാമാക്കാനകത്ത് ഹുസൈനാര്, പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി തയ്യില്‍ ഖദീജ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. കൂടാതെ കുഞ്ഞിപ്പാത്തുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ അടുക്കളയുടെ ഭാഗവും തകര്‍ന്നു.
കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. തിരമാലകള്‍ വീടിനകത്തേക്കും കിണറുകളിലേക്കും കയറി. പൊന്നാനിയിലെ കടല്‍ ശക്തമായ ഭാഗത്തെ 10 വീടുകളിലെ കടലാക്രമണ ബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."