ശമ്പളം പിടിക്കല്‍: കൂട്ടരാജിക്കൊരുങ്ങി താല്‍ക്കാലിക ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളിയുയര്‍ത്തി ആയിരത്തോളം ഡോക്ടര്‍മാര്‍ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തില്‍ നിന്ന് മുന്നറിയിപ്പില്ലാതെ സാലറി ചലഞ്ചില്‍ പണം പിടിച്ചതിനെ തുടര്‍ന്നാണിത്.
കൊവിഡ് പ്രതിരോധത്തിനായി മൂന്നു മാസത്തേക്ക് താല്‍ക്കാലികമായി നിയമിച്ച മെഡിക്കല്‍ ഓഫിസര്‍മാരാണ് കൂട്ടരാജിക്കൊരുങ്ങുന്നത്. വാഗ്ദാനം ചെയ്ത ശമ്പളം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. റിസ്‌ക്ക് അലവന്‍സും ഇന്‍സെന്റീവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും കേരള ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. ഓരോരുത്തരും തസ്തികയും ലഭിക്കുന്ന ശമ്പളവും കാണിച്ച് അതത് ഡി.എം.ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കാനാണ് തീരുമാനം. 42,000 രൂപ ശമ്പളം നിശ്ചയിച്ച ഡോക്ടര്‍മാര്‍ക്ക് സാലറി കട്ട് കഴിഞ്ഞ് 27,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുമുണ്ട്.
മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സാലറി ചലഞ്ചിന്റെ ഭാഗമായി സര്‍ക്കാര്‍ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതില്‍ വ്യാപക പ്രതിഷേധമാണുള്ളത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സാലറി കട്ടിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ പലതും പൂര്‍ണമായും പ്രവര്‍ത്തിക്കുക പോലും ചെയ്യാത്ത സാഹചര്യത്തില്‍ മുഴുവന്‍ സമയവും കൊവിഡ് പ്രതിരോധത്തില്‍ മുഴുകിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാതിരിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിരോധത്തിന് താല്‍ക്കാലികമായി നിയമിച്ച മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്കും ശമ്പള വര്‍ധനവ് പൂര്‍ണമായും നടപ്പാക്കാത്തതിലും ശമ്പളം പിടിക്കുന്നതിലും അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."