നിലയ്ക്കാതെ സഹായ പ്രവാഹം
കൈത്താങ്ങായി വ്യാപാരികളും
വിഴിഞ്ഞം: ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം യൂനിറ്റും. ദുരിത ബാധിതര്‍ക്കുള്ള അവശ്യസാധനങ്ങളോടൊപ്പം ഒരു ലക്ഷം രൂപയും യൂനിറ്റ് ജനറല്‍ സെക്രട്ടറി യേശുദാസന്‍ വിഴിഞ്ഞം ഇടവക വികാരി ഫാ. ജസ്റ്റിന്‍ ജൂഡിന് കൈമാറി.
സമിതി വിഴിഞ്ഞം യൂനിറ്റ് പ്രസിഡന്റ് വിക്രമന്‍ നായര്‍, ഭാരവാഹികളായ സുബ്രമണ്യന്‍, സലിം, വനിതാ വിങ് യൂനിറ്റ് പ്രസിഡന്റ് സെലീന അല്‍ഫോന്‍സ്, ജനറല്‍ സെക്രട്ടറി പ്രമീള രാജന്‍, ട്രെഷറര്‍ റാണി ഫ്രാന്‍സിസ്, വൈസ് പ്രെസിഡന്റുമാരായ കര്‍മലി ജോര്‍ജ്, മിനി ബെന്‍സിഗര്‍, ഷിബി സ്റ്റാന്‍ലിന്‍, സെക്രട്ടറിമാരായ സെല്‍വറാണി ക്രിസ്തുദാസ്, ലിസി അലക്‌സാണ്ടര്‍, റേച്ചല്‍ മനോഹരന്‍ ചടങ്ങില്‍ പങ്കെടുത്തു.
മുസ്‌ലിം ലീഗ് ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി
തിരുവനന്തപുരം: മധ്യകേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇന്നലെ നന്ദാവനം പാണക്കാട് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ ഏല്‍പിച്ചു.
റെഡിമൈഡ് ഷര്‍ട്ടുകള്‍, ബെഡ്ഷീറ്റുകള്‍, ലുങ്കികള്‍, തോര്‍ത്ത് മുണ്ടുകള്‍ മറ്റ് അത്യാവശ്യ സാമഗ്രികള്‍ എന്നിവയാണ് ശേഖരിച്ചു സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, അഡ്വ. എസ്.എന്‍.പുരം നിസാര്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദീന്‍, ചാന്നാങ്കര എം.പി കുഞ്ഞ്, വിഴിഞ്ഞം റസാഖ്, എം.കെ സലീം, ഷംസീര്‍ വട്ടിയൂര്‍ക്കാവ് സംബന്ധിച്ചു.
റസിഡന്‍സ് അസോസിയേഷന്റെ സഹായ ഹസ്തം
കല്ലമ്പലം: പ്രളയ ദുരിത ബാധിതര്‍ക്ക് വര്‍ക്കല മുണ്ടയില്‍ റസിഡന്‍സ് അസോസിയേഷന്റെ സഹായ ഹസ്തം.
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച 1,25,000 രൂപക്ക് വാങ്ങിയ ശുചീകരണ സാധനങ്ങള്‍, ബഡ്ഷീറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ അഡ്വ. വി. ജോയി എം.എല്‍.എ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി.
പൊതു ജനങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സമാഹരണം നടത്തുകയും ദുരന്ത മേഖലകളിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന മുണ്ടയില്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, കൗണ്‍സിലര്‍ ശുഭാ ഭദ്രന്‍, അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം. ജയരാജു, സെക്രട്ടറി റോയി .കെ, ട്രഷറര്‍ എസ്. സുദേവന്‍, മറ്റു ഭാരവാഹികള്‍, അംഗങ്ങള്‍ പങ്കെടുത്തു.
ചതയദിന സമ്മാനവുമായി എസ്.എന്‍.ഡി.പി യോഗം
കോവളം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചതയദിന സമ്മാനവുമായി എസ്.എന്‍.ഡി.പി യോഗം കോവളം യൂനിയന്റെ കൈത്താങ്ങ്.
യൂനിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ നിന്ന് സ്വരൂപിച്ച പുരുഷന്‍മാര്‍ക്കുള്ള 200 മുണ്ടും ഷര്‍ട്ടും, സ്ത്രീകള്‍ക്ക് 200 സെറ്റ് സാരി, 500 കൈലി, 400 നൈറ്റി, 500 തോര്‍ത്ത്, കുട്ടികള്‍ക്കുള്ള തുണികള്‍, ഭക്ഷ്യധാന്യങ്ങള്‍, വെള്ളം, മരുന്ന് എന്നിവയാണ് ശേഖരിച്ച് നല്‍കിയത്. വിവിധ ശാഖകളിലെ കലാകായിക മത്സരങ്ങളും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കിയാണ് കണിച്ച് കുളങ്ങരയിലെ ദുരിതാശ്വാസ ക്യാംപിലേക്കുള്ള വസ്തുക്കള്‍ സമാഹരിച്ചത്.
ശുചീകരണസേവനത്തിനായി കോവളത്ത് നിന്ന് 1000 പേര്‍
കോവളം: പ്രളയ മേഖലകളിലെ പുനരധിവാസ ശുചീകരണ സേവനത്തിനായി കോവളം ഏര്യയില്‍ നിന്ന് 1000 പേരടങ്ങുന്ന സന്നദ്ധ സംഘം യാത്രതിരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി മണ്ഡത്തിലേക്കാണ് ദൗത്യസംഘം യാത്രതിരിച്ചത്.
സി.പി.ഐ.എം കോവളം ഏര്യാ സെക്രട്ടറി അഡ്വ. പി.എസ് ഹരികുമാറിന്റെ നേതൃത്വത്തില്‍ ഏര്യാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പാര്‍ട്ടി അംഗങ്ങള്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, സേവനതല്‍പരായ നാട്ടുകാര്‍, നിര്‍മാണ തൊഴിലാളികള്‍, ഇലക്ട്രീഷ്യന്മാര്‍, പ്ലംബിങ് തൊഴിലാളികള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ച സംഘം തിങ്കളാഴ്ച വൈകുന്നേരം വരെ 50 ലധികം ഭവനങ്ങള്‍ ശുചീകരിച്ചു. രണ്ടു ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി സംഘം ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങും.
ഓണ കിറ്റുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: പ്രളയദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് ഓണത്തിന് രവിപിള്ള ഫൗണ്ടേഷന്റെയും ആര്‍.പി ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ഓണ കിറ്റുകള്‍ വിതരണം ചെയ്തു.
ഓണ കിറ്റുകളുടെ വിതരണം പത്മശ്രീ ഡോ. ബി രവിപിള്ള നിര്‍വഹിച്ചു. സാരി, മുണ്ട്, അരി, പയര്‍, പായസ കിറ്റ് തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയ കിറ്റ് ആയിരത്തോളം പേര്‍ക്കാണ് വിതരണം ചെയ്തത്.
കോവളം റാവിസ് ജനറല്‍ മാനേജര്‍ പി.ഐ ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മോഹനന്‍, ചീഫ് ഓപ്പറേറ്റീവ് ഓഫിസര്‍ സഞ്ജയ് കൗഷിക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."