കശുവണ്ടി വ്യവസായത്തെ തകര്‍ക്കാന്‍ നീക്കം: സംയുക്തസമര സമിതി
കൊല്ലം: കേരളത്തിലെ കശുവണ്ടി വ്യവസായത്തെ പൂര്‍ണമായും തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി കേരള കശുവണ്ടി വ്യവസായ സംയുക്തസമിതി ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴില്‍ നഷ്ടമായിരിക്കുന്ന കശുവണ്ടി മേഖലയില്‍ അന്യ രാജ്യങ്ങളില്‍ നിന്നും സംസ്‌കരിച്ച മുന്തിയ ഇനം കശുവണ്ടിപ്പരിപ്പ് കാലിത്തീറ്റ എന്ന പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട നികുതി വെട്ടിപ്പ് നടത്തി ഇതരസംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ ഇറക്കുമതി ചെയ്ത് റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
പരമ്പരാഗതമായി സംസ്‌കരിക്കുന്ന കശുവണ്ടിപ്പരിപ്പ് ബ്ലീച്ച് ചെയ്ത് പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്ന പരിപ്പിന്റെ നിലവാരത്തില്‍ എത്തിക്കുന്നു. ബ്ലീച്ചിങിലൂടെ പരമ്പരാഗതരീതിയില്‍ പരിപ്പിന് ലഭിക്കുന്ന നിറത്തേക്കാള്‍ വെള്ളനിറം ലഭിക്കുന്നതിനാല്‍ സംശയത്തിന് ഇട നല്‍കാതെ അന്താരാഷ്ട്ര ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയുന്നു.
ഈ അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി വ്യവസായവും സമ്പദ് വ്യവസ്ഥയേയും തൊഴിലിനെയും തകര്‍ത്തെറിയുന്ന അവസ്ഥയാണ്. അന്താരാഷ്ട്ര കുത്തക കമ്പനികളും കേരളത്തിലെ ചില വന്‍കിട വ്യവസായികളും ഒത്തുചേര്‍ന്നാണ് ഈ ഗൂഢ നീക്കത്തിനു പിന്നില്‍. നിരവധി പ്രാവശ്യം ഈ കാര്യങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്ന രീതി 'നെഗറ്റീവ് 'പട്ടികയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായി കശുവണ്ടി ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പിന് നൂറുശതമാനം നികുതി ഏര്‍പ്പെടുത്തുക, അനധികൃതമായി തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതിചെയ്യുന്ന കശുവണ്ടിപരിപ്പിന് പിഴ ഈടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കേന്ദ്ര കേരള സര്‍ക്കാരുകളെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടപടി ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളും വ്യവസായികളും കൂടി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതി സംസ്ഥാന കണ്‍വീനര്‍ കെ. രാജേഷ്, സംസ്ഥാന പ്രസിഡന്റ് ബി. നൗഷാദ്, മാത്തുക്കുട്ടി, നാരായണപിള്ള, മാനുവല്‍ മോഹന്‍ദാസ്, വിശ്വമോഹന്‍ദാസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."