നീറ്റ്: പുനഃപരിശോധനാ ഹരജിയുമായി 6 സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: അടുത്ത മാസം നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്താമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ ആറു സംസ്ഥാനങ്ങള്‍ പുനഃപരിശോധനാ ഹരജി നല്‍കി.
പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഹരജി നല്‍കിയത്. ഈ മാസം 26ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത എന്‍.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെയും ജീവിക്കാനുള്ള അവകാശത്തെയും ബാധിക്കുന്നു, നിശ്ചയിച്ച തിയതിയില്‍ പരീക്ഷ നടത്താന്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങളുണ്ട് തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് പുനഃപരിശോധനാ ഹരജി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് 30 ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള പശ്ചാത്തലത്തിലാണ് 25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ക്കുമായി ഹാജരാകേണ്ടി വരുന്നതെന്ന് ഹരജിയില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താന്‍ കേന്ദ്രത്തിന് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ സമയം ലഭിച്ചിട്ടും സര്‍ക്കാര്‍ അതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.
ഉടന്‍ പരീക്ഷ നടത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന ബോധം ഇപ്പോഴാണ് സര്‍ക്കാറിനുണ്ടായത്. ഇതൊഴിവാക്കാന്‍ ധൃതി പിടിച്ച് പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ നടപടി പരിഹാരത്തേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഗട്ടക്, ജാര്‍ഖണ്ഡ് ധനകാര്യമന്ത്രി ഡോ. രാമേശ്വര്‍ ഒറാവോണ്‍, രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ, ഛത്തീസ്ഗഡ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അമര്‍ജീത്ത് ഭഗത്, പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ദു, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഉദയ് രവീന്ദ്ര സാമന്ത് എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."