കാനകള്‍ മൂടി; പ്രദേശവാസികള്‍ വെള്ളക്കെട്ട് ഭീതിയില്‍
മരട്: ദേശീയ പാതയോരത്തെ കാനകള്‍ മൂടിയത് പ്രദേശവാസികളെ വെള്ളക്കെട്ട് ഭീതിയിലാക്കി. വൈറ്റില ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെ ഭാഗമായി വൈറ്റില ജങ്ഷന് മുതല്‍ ദേശീയപാതയ്ക്കും സര്‍വിസ് റോഡിനുമിടയിലായി ഇരുവശങ്ങളിലും ചമ്പക്കര കനാലിലേക്ക് ബന്ധിപ്പിക്കുന്ന വിധം ഉണ്ടായിരുന്ന കാനകളാണ് മൂടിയത്.
മഴക്കാലത്ത് ദേശീയ പാതയിലേയും സമീപത്തെ ഇടറോഡുകളിലേയും വെള്ളം കാനയിലൂടെ ചമ്പക്കര കനാലിലേക്കൊഴുകി പോയിരുന്നതിനാലാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്നത്.
എന്നാല്‍ ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെ ഭാഗമായി കാനകള്‍ മൂടിയതിനു ശേഷമുണ്ടായ ആദ്യ വേനല്‍മഴയില്‍ തന്നെ വൈറ്റില ജങ്ഷന് സമീപത്തെ സര്‍വിസ് റോഡും ഇടറോഡുകളും വെള്ളക്കെട്ടിലായി. പ്രദേശത്തെ വീട്ടുകാരും കച്ചവട സ്ഥാപനങ്ങളും ഇത് മൂലം ദുരിതത്തിലായിരിക്കുകയാണ്.
വൈറ്റില ജങ്ഷന് സമീപം റോഡ് നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ബാങ്ക് റോഡ്, ഷൈന്‍ റോഡ്, മാപ്ലാശ്ശേരി റോഡ്, വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്രം എന്നീ ഭാഗങ്ങളെല്ലാം വേനല്‍മഴയില്‍ വെള്ളക്കെട്ടിലായി. ഇടറോഡുകളില്‍ പലയിടങ്ങളിലും കാനയുണ്ടെങ്കിലും പ്രധാന കാനകളുമായി ഇവയെ ബന്ധിപ്പിച്ചിട്ടില്ല.
കൂടാതെ മഴക്കാലപൂര്‍വ ശുചീകരണവും പലയിടങ്ങളിലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് വെള്ളക്കെട്ട് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."