ട്രാഫിക് പരിഷ്‌കരണം: ട്രയല്‍ റണ്‍ വിജയം ആദ്യദിനം തിരക്കൊഴിഞ്ഞ് മുക്കം ടൗണ്‍
മുക്കം: ടൗണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി തുടങ്ങിയ ട്രയല്‍ റണ്ണിന്റെ ആദ്യ ദിവസം വിജയകരമായി. ഇന്നലെ രാവിലെ തുടങ്ങിയ പരിഷ്‌കരണത്തോട് അനുഭാവപൂര്‍ണമായാണു യാത്രക്കാര്‍ പ്രതികരിച്ചത്. കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാവാറുള്ള ആലിന്‍ചുവട്, പി.സി റോഡ്, ഓര്‍ഫനേജ് റോഡ്, ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെല്ലാം ഇന്നലെ തിരക്കു കുറവായിരുന്നു.
അനധികൃത പാര്‍ക്കിങ്ങും വാഹനത്തിരക്കും മാറിയതോടെ ഇന്നലെ മുക്കത്ത് പൂര്‍ണമായും തിരക്കൊഴിഞ്ഞിരുന്നു. ഇനി ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചാല്‍ ടൗണിലെ യാത്ര കൂടുതല്‍ സുഖകരമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. കാരശ്ശേരി ബാങ്കിനു മുന്‍വശം, പി.സി ജങ്ഷന്‍, അഭിലാഷ് ജങ്ഷന്‍, എസ്.കെ പാര്‍ക്കിനു സമീപം, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. ഒന്‍പതു ദിവസംകൂടി ഗതാഗത പരിഷ്‌കരണത്തിന്റെ പരീക്ഷണയോട്ടം തുടരും. ഓഗസ്റ്റ് ഒന്നു മുതല്‍ ഇതു പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാണു നഗരസഭാധികൃതരും പൊലിസും ലക്ഷ്യമിടുന്നത്.
ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു നഗരസഭയും പൊലിസും ചേര്‍ന്നാണ് മുക്കത്ത് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 10 ദിവസം ട്രയല്‍ റണ്‍ നടക്കുന്നത്. പ്രധാനമായും ബസുകളുടെ പോക്കുവരവിലാണു കാര്യമായ മാറ്റം വരുന്നത്. മുക്കത്തേക്കു വരുന്ന എല്ലാ ബസുകളും അഭിലാഷ് ജങ്ഷന്‍ വഴി അങ്ങാടിയിലെ ആലിന്‍ചുവട്ടിലൂടെ വരികയും കോഴിക്കോട്, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ചേന്ദമംഗല്ലൂര്‍ ഭാഗങ്ങളിലേക്കു പോകുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും ചെയ്യണം. ഇതിനിടയില്‍ കെ.ഡി.സി ബാങ്കിനു മുന്നില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കാരശ്ശേരി ജങ്ഷന്‍ വഴി അരീക്കോട് ഭാഗത്തേക്കു പോകുന്ന ബസുകള്‍ പുതിയ സ്റ്റാന്‍ഡിലാണു പ്രവേശിക്കേണ്ടത്. ഇവയ്ക്കു പഴയ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ സ്റ്റോപ്പുണ്ടാകുമെങ്കിലും സ്റ്റാന്‍ഡില്‍ പ്രവേശനമില്ല. കച്ചേരി ഭാഗത്തു നിന്നു വരുന്ന ബസുകള്‍ പി.സി ജങ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് അഭിലാഷ് ജങ്ഷനിലൂടെ അങ്ങാടിയില്‍ പ്രവേശിക്കണം. എല്ലാ ബസുകളും ബൈപാസിലൂടെയാണു പുറത്തുപോകേണ്ടത്.
അങ്ങാടിയില്‍ വാഹനഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന ഉന്തുവണ്ടിക്കച്ചവടം വില്ലേജ് ഓഫിസ് പരിസരത്തേക്കും നാലുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് സംസ്ഥാനപാതയോരത്തേക്കും മാറ്റും. നടപ്പാതയും റോഡും കൈയേറിയുള്ള കച്ചവടം, പാര്‍ക്കിനു ചുറ്റുമുള്ള കച്ചവടങ്ങള്‍, പരസ്യം പ്രദര്‍ശനം, കൊടിതോരണങ്ങള്‍ എന്നിവ നിരോധിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ സമഗ്ര ട്രാഫിക് പരിഷ്‌കരണമാണു പ്രയോഗത്തില്‍ വരുന്നത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ലോറികളും ടിപ്പര്‍ ലോറികളും ടൗണില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും. വയലില്‍ മമ്മദ് ഹാജി റോഡ്, ഓര്‍ഫനേജ് റോഡ്, പി.സി റോഡ് എന്നിവ വണ്‍വേ സംവിധാനത്തിലാക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."