സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്: എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: വോട്ടിങ് ദിവസം രാത്രി ബൈക്കില്‍ പോകുകയായിരുന്ന രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പുന്നപ്ര തെക്ക് കുന്നേല്‍കാട്ടു പറമ്പില്‍ ഗോപീകൃഷ്ണന്‍ (23), പുന്നപ്ര തെക്ക് സുധീഷ് ഭവനത്തില്‍ സുധീഷ് കുമാര്‍ (30), പുന്നപ്ര തെക്ക് കണിച്ചുകാട് ഗിരീഷ് (36), അമ്പലപ്പുഴ തെക്ക് കലിക്കോട് പ്രദീപ് (29), തകഴി ആശാരിപറമ്പില്‍ ശ്രീരാജ് (23), തകഴി കുന്നേല്‍ രജീഷ് കുമാര്‍ (28), തകഴി കിഴക്കേ തയ്യില്‍ അര്‍ജുന്‍ (24), തകഴി ബാലാലയത്തില്‍ പ്രജീഷ് (34) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റു ചെയ്തത്.
ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്നലെ പുലര്‍ച്ചെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും 8 പ്രതികളെ പിടികൂടാനുണ്ടെന്നും പൊലിസ് പറഞ്ഞു. ജില്ലാ പൊലിസ് മേധാവി കെ.എം ടോമി, ഡിവൈ.എസ്.പി പി.വി. ബേബി ,അമ്പലപ്പുഴ സി.ഐ എം.കെ.മുരളി, എസ്.ഐ ജി.എസ്.ഹരി, എസ്.ഐമാരായ ബാബു, പി.റ്റി.ജോണി, എ.എസ്.ഐമാരായ അരുണ്‍, കിഷോര്‍, മനീഷ്, പീറ്റര്‍, റോജി തുടങ്ങിയവര്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്. വോട്ടിങ് ദിവസം രാത്രി 10 മണിയോടെ കരുമാടി ഞൊണ്ടി മുക്കില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. ബൈക്കില്‍ അമ്പലപ്പുഴക്കു വന്ന സി.പി.എം പ്രവര്‍ത്തകരായ പ്രജോഷ് കുമാര്‍ (30), ജെല്‍സണ്‍ (33) എന്നിവരെ പത്തുപേരടങ്ങുന്ന സംഘം പിന്നാലെ എത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സമീപത്തെ മൈതാനത്ത് നിന്നിരുന്ന പ്രതികള്‍ പൊലിസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന 8 ബൈക്കുകള്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കൊട്ടിക്കലാശത്തില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് അക്രമമെന്നും, പ്രതികള്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."