വിദേശത്തേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ മാത്രം; ഓണത്തിന് കയറ്റുമതി ഇടിഞ്ഞു
കൊണ്ടോട്ടി: സംസ്ഥാനത്ത് നിന്ന് വിദേശത്തേക്കുളള കാര്‍ഗോ കയറ്റുമതിക്ക് തിരിച്ചടി. കൊവിഡ് മൂലം ഗള്‍ഫിലേക്ക് വിമാനങ്ങള്‍ കുറഞ്ഞതും ഓണത്തോടനുബന്ധിച്ച് ഗള്‍ഫില്‍ കാര്‍ഗോക്ക് ഡിമാന്റ് കുറഞ്ഞതുമാണ് കയറ്റുമതി ഇടിവിന് കാരണം. കേരളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴിയുള്ള കാര്‍ഗോ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഓണക്കാലത്താണ്.
ഓണവിഭവങ്ങളൊരുക്കാന്‍ നാടന്‍ പച്ചക്കറികള്‍ക്കും പൂക്കളമൊരുക്കാന്‍ ഓണപ്പൂക്കള്‍ക്കുമാണ് ഗള്‍ഫില്‍ ഡിമാന്റ് ഏറെയുളളത്. എന്നാല്‍ ഇത്തവണ പൂക്കള്‍ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. അതിനാല്‍ സംസ്ഥാനത്ത് നിന്ന് ഇത്തവണ ഓണപ്പൂക്കളുടെ കയറ്റുമതിയില്ല. ഓണസദ്യ വിളമ്പാന്‍ വാഴയില അടക്കം വിമാനം കയറുമ്പോഴാണ് ഓണപ്പൂക്കള്‍ക്ക് ഇത്തവണ ഡിമാന്റില്ലായത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന വാഴയിലയാണ് ഗള്‍ഫിലേക്ക് അയക്കുന്നത്. കൊവിഡ് മൂലം ഗള്‍ഫിലും പൂക്കളമിടുന്നതും മല്‍സരങ്ങളും ഒഴിഞ്ഞതോടെയാണ് ആവശ്യക്കാരില്ലാതായതെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.
പതിവ് വിമാനങ്ങളില്ലാത്തതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് കാര്‍ഗോ അയക്കുന്നത്. കരിപ്പൂരില്‍ ആറ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ 105 ടണ്‍ പഴം-പച്ചക്കറികളാണ് കഴിഞ്ഞ ദിവസങ്ങളിലായി അയച്ചത്. റിയാദ്, കുവൈറ്റ്, ദുബൈ, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. ഓണ സീസണില്‍ നൂറ് ടണ്ണിലധികം കാര്‍ഗോ ദിനേന കയറ്റി അയച്ചിരുന്നതാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓണത്തിന് ഏറ്റവും കൂടുതല്‍ പൂക്കള്‍ കയറ്റുമതി ചെയ്തിരുന്നത് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ്. ജെംബോ ഉള്‍പ്പടെ വിമാനങ്ങളും കാര്‍ഗോ സ്‌പെഷ്യല്‍ വിമാനങ്ങളുമാണ് ഓണ സീസണില്‍ കാര്‍ഗോ കൊയ്ത്ത് നടത്താറുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."