കരാര്‍ നിയമനവുമായി ടൂറിസം വകുപ്പ്: വാര്‍ഷിക ചെലവ് 1.41 കോടി
തിരുവനന്തപുരം: കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവു ചുരുക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും കരാര്‍ നിയമനങ്ങള്‍ നടത്തി വന്‍ തുക ചെലവഴിക്കാന്‍ ടൂറിസം വകുപ്പിന്റെ തീരുമാനം.
17 പേര്‍ക്കായി വര്‍ഷം 1.41 കോടി രൂപ ശമ്പളം നല്കി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് ഇറക്കി. ഓരോ ജില്ലയിലും പ്രോജക്ട് എന്‍ജിനീയര്‍മാരെ കൂടാതെ ടൂറിസം ആസ്ഥാനത്ത് മൂന്ന് പ്രോജക്ട് എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ 17 പേരെ നിയമിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 35,000 രൂപ വീതമാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇതിനുപുറമേ വാഹന സൗകര്യത്തിനും മറ്റും പണം അനുവദിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 314 കോടി രൂപ പദ്ധതി വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ ഒരു പ്രോജക്ട് മോണിട്ടറിങ്ങ് സെല്ലിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍മാരെ നിയമിക്കുന്നതെന്നാണ് ഉത്തരവില്‍ പ്രത്യേകമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം ടൂറിസം വകുപ്പിനായി 320.14 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 371 കോടി രൂപയായിരുന്നു. അന്ന് ഇത്തരത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍മാരെ നിയമിക്കാതെയാണ് ഭരണത്തിന്റെ ഈ അവസാന ഘട്ടത്തില്‍ പദ്ധതി വിഹിതമായി അമ്പത് കോടിരൂപ കുറഞ്ഞപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."