വോട്ടര്‍പട്ടികയില്‍ 'വെട്ടിനിരത്തല്‍'; വോട്ടര്‍മാര്‍ നിയമ നടപടിക്ക്
കോതമംഗലം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരേ വോട്ടര്‍മാര്‍ നിയമ നടപടിക്ക്. പതിനേഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ താലൂക്കിലെ ഓരോ ബൂത്തിലും 50 ലധികം വോട്ടര്‍മാരെ വെട്ടിനീക്കിയതായി കണ്ടെത്തി.
2019 ജനുവരിനാലിനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും പേര് ചേര്‍ക്കാന്‍ പിന്നീട് അവസരം നല്‍കി. ഈ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പുതുതായി ചേര്‍ന്നവരില്‍ അധികം പേരുടെയും പേര് പട്ടികയില്‍ ഇടം പിടിച്ചില്ല. അപേക്ഷ സ്വീകരിച്ചതായി മൊബൈല്‍ ഫോണില്‍ മെസേജ് ലഭിച്ചവരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
ഇതിനോടപ്പമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ മരണപ്പെട്ട വോട്ടര്‍മാരെ നീക്കം ചെയ്യപ്പെട്ടിട്ടുമില്ല. കോതമംഗലം താലൂക്കിലെ 151ാം നമ്പര്‍ ബൂത്തില്‍ 52 പേരെയാണ് നീക്കം ചെയ്യപ്പെട്ടത്. തൊട്ടടുത്ത 150ാം ബൂത്തില്‍ 58 ഉം. ഇങ്ങനെ 100 വോട്ടര്‍മാരെ ഓരോ ബൂത്തിലും നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പലരും വോട്ടു ചെയ്യാനായി പോളിങ് ബൂത്തില്‍ ചെന്നപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം അറിയുന്നത്.നിയമപ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടറെ നീക്കം ചെയ്യുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഇതൊന്നും ഉണ്ടായിട്ടില്ല.
പേര് വെട്ടി നീക്കിയതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് 151ാം ബൂത്തിലെ വോട്ടറായ ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന നിയമസഭ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തവരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.
വ്യാപകമായി വോട്ട് നീക്കം ചെയ്തതിനെതിരേ വോട്ടര്‍മാരെ സംഘടിപ്പിച്ച് പരാതി നല്കുമെന്ന് സന്നദ്ധ സംഘടനയായ ആര്‍.സി.ഡി.എസ് ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെ വോട്ടര്‍മാരെ നീക്കംചെയ്തത് പക്ഷപാതപരമായിട്ടാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വോട്ടു നീക്കം ചെയ്ത നടപടിക്കെതിരെ യു.ഡി.എഫും നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."