ചുരത്തിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കാന്‍ തുടങ്ങി
താമരശ്ശേരി: അപകടാവസ്ഥയിലുള്ള ചുരം രണ്ടാം വളവിലെ അനധികൃത ബഹുനില കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ കെട്ടിടത്തിന്റെ തറഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്തു.
ഇന്ന് കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ നടക്കും. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. ഇക്കഴിഞ്ഞ ശക്തമായ മഴയില്‍ കെട്ടിടം ഒരു ഭാഗത്തേക്ക് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റില്‍ വന്‍ വിള്ളല്‍ വീണ നിലയിലാണ് ഇന്നലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ കണ്ടെത്തിയത്.
കെട്ടിടത്തിന് മുന്‍വശത്തെ ദേശീയപാതയിലെ റോഡിലും വിള്ളല്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് വന്‍ അപകടം മുന്നില്‍ കണ്ട് കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം കെട്ടിടം പൊളിച്ചു നീക്കാന്‍ ജില്ലാ കലക്ടറാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഒറ്റമുറി കെട്ടിടം പണിയാനുള്ള അനുമതി മാത്രമാണ് നിലവില്‍ അനുവദിക്കപ്പെട്ടിരുന്നത്.
ഈ അനുമതി മറയാക്കി ഇരുനില കൂറ്റന്‍ കെട്ടിടമായിരുന്നു ഉടമ പണി കഴിപ്പിച്ചത്. എന്നാല്‍ ബഹുനില കെട്ടിടത്തിന് ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലല്ല ഇതിന്റെ അടിത്തറ ഒരുക്കിയതെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."