കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓണാഘോഷം: സ്വകാര്യ ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
മുക്കം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള അമ്പതോളം ജീവനക്കാര്‍ക്കെതിരെ മുക്കം പൊലിസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ രോഗ പകര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി ഉള്‍ക്കൊള്ളുന്ന പ്രദേശം കണ്ടയിന്‍മെന്റ് സോണില്‍ ആയിരിക്കെയാണ് ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലെ ജീവനക്കാര്‍ ഓണാഘോഷം നടത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പരിപാടിയുടെ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട പൊലിസ് എപ്പിഡമിക് ആക്ട്, ഐ.പി.സി എന്നിവ പ്രകാരം ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ആളുകളോട് മുക്കം നഗരസഭ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ ഓട്ടോറിക്ഷയില്‍ അഞ്ചിലധികം ആളുകളുമായി കുത്തിനിറച്ച് ടെസ്റ്റിന് വന്നത് വിവാദമായിരുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് വാഹനങ്ങളില്‍ ടെസ്റ്റിന് എത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതവഗണിച്ച് വന്നതിനെത്തുടര്‍ന്ന് മുക്കം പോലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് നഗരസഭക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ നഗരസഭ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ടെസ്റ്റിന് ക്വാറന്റൈനില്‍ കഴിയുന്നവരെ കൊണ്ടുവന്നതിന് നടപടിയെടുക്കാന്‍ നഗരസഭ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."