ബി.പി.എല്‍ കാര്‍ഡുകള്‍ എ.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ പലരും എത്തിയില്ല.
തിരൂര്‍: ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ കൈവശം വച്ചുപോരുന്ന ബി.പി.എല്‍ റേഷന്‍ ആനുകൂല്യം സ്വമേധയാ അവസാനിപ്പിക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവു പാലിക്കാന്‍ സമ്പന്നര്‍ക്കു മടി. സ്വന്തമായി ആയിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവരും ആദായ നികുതി അടയ്ക്കുന്നവരും സ്വന്തമായി നാല്‍ചക്രവാഹനമുള്ളവരും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ളവരും ബി.പി.എല്‍ റേഷന്‍ ആനുകൂല്യം സ്വമേധയ നിര്‍ത്തലാക്കണമെന്നായിരുന്നു കലക്ടറുടെ നിര്‍ദേശം.
നടപടി ഭയന്നു പലരും ജില്ലയിലെ അതതു താലൂക്ക് ഓഫിസുകളിലെത്തി ബി.പി.എല്‍ കാര്‍ഡുകള്‍ എ.പി.എല്‍ വിഭാഗത്തിലേക്കു മാറ്റിയപ്പോള്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ പലരും അതിനു ഇതുവരെ തയ്യാറായിട്ടില്ല. തിരൂര്‍ താലൂക്കില്‍ ഇന്നലെ വരെ 98 ബി.പി.എല്‍ കാര്‍ഡ് ഉടമകളും ഏഴ് എ.എ.വൈ കാര്‍ഡ് ഉടമകളുമാണ് എ.പി.എല്‍ വിഭാഗത്തിലേക്കു മാറാന്‍ സ്വയം അപേക്ഷ നല്‍കിയത്.
തിരൂര്‍ താലൂക്കില്‍ നിലവില്‍ 30632 ബി.പി.എല്‍ കാര്‍ഡ് ഉടമകളുണ്ട്. 108116 എ.എ.വൈയും 44109 നോര്‍മല്‍ എ.പി.എല്‍ കാര്‍ഡ് ഉടമകളാണു തിരൂരിലുള്ളത്. ഇതിനു പുറമേ എസ്.എസ്.സി വിഭാഗത്തില്‍ വരുന്ന 95902 കാര്‍ഡ് ഉടമകളുമുണ്ട്.
കണക്ക് ഇതായിരിക്കെ നാലുചക്ര വാഹനം ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ മാത്രം ഇടത്തരക്കാരായ പലരും കലക്ടറുടെ ഉത്തരവ് അനുസരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെക്കാള്‍ പതിന്‍മടങ്ങു സാമ്പത്തിക ശേഷിയുള്ളവര്‍ പലരും വഴങ്ങാത്ത സ്ഥിതിയാണ്.
ഈ സാഹചര്യത്തില്‍ അനധികൃതമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവരെ കണ്ടെത്താന്‍ ഇന്നു മുതല്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന തുടങ്ങും. റേഷന്‍ ഷോപ്പുകള്‍ മുഖേന കലക്ടറുടെ ഉത്തരവു ജനങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
ഇതുപ്രകാരം ഭിന്നശേഷിക്കാരും വിധവകളുമായ കാര്‍ഡ് ഉടമകള്‍ വരെ സ്വമേധയാ എ.പി.എല്ലിലേക്ക് മാറാന്‍ തയ്യാറായി. എന്നിട്ടും മറ്റുള്ളവര്‍ മടിക്കുകയാണ്. ഇത്തരക്കാര്‍ സൗജന്യ നിരക്കിലും സബ്‌സിഡി നിരക്കിലും ലഭിക്കുന്ന അരിയും ഗോതമ്പും കോഴി ഫാമുകളില്‍ ഉപയോഗിക്കുന്നതായും മറിച്ചുവില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ എത്രയും വേഗം എ.പി.എല്‍ വിഭാഗത്തിലേക്കു മാറണമെന്ന് 2012ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവിറങ്ങി നാലു വര്‍ഷം കഴിഞ്ഞിട്ടും അനര്‍ഹരെ പൂര്‍ണമായും കണ്ടെത്തി നടപടിയെടുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
അനധികൃതമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ ഉത്തരവിറങ്ങിയതിനു ശേഷം കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നാണു നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."