വിധിയെഴുത്തിനെ ചൊല്ലി വാക്‌പോര്
കോഴിക്കോട്: ജനം വിധിയെഴുതിയെങ്കിലും ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ ചൊല്ലിയും വാക്‌പോര് മുറുകുന്നു. വടകരയിലും കോഴിക്കോടും ബി.ജെ.പി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു മറിച്ചുവെന്ന ആരോപണവുമായി സി.പി.എം രംഗത്തു വന്നപ്പോള്‍ സി.പി.എം കുടുംബങ്ങള്‍ ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തുവെന്ന വാദവുമായി കോണ്‍ഗ്രസും രംഗത്തുവന്നു. ബി.ജെ.പി വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കാം. എന്നാല്‍ ഇത് വോട്ടു മറിക്കലല്ലെന്നും ജനങ്ങളുടെ വിവേകപൂര്‍ണമായ വിധിയെഴുത്തുതന്നെയാണെന്നുമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
വടകരയില്‍ ഉയര്‍ന്ന പോളിങിന്റെ പശ്ചാത്തലത്തില്‍ ഇരു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. എന്നാല്‍ ബി.ജെ.പി വോട്ടുകള്‍ ഇവിടെ യു.ഡി.എഫിന് മറിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യങ്ങളോടു പറഞ്ഞത്.
സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇക്കുറി വടകരയില്‍ നടന്നത്. എന്നാല്‍ പലയിടത്തും ബി.ജെ.പി ക്യാംപുകള്‍ നിര്‍ജീവമാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. 2014ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന വി.കെ സജീവന് 76,313 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇക്കുറിയും വി.കെ സജീവന്‍ തന്നെയായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. അതേസമയം ഇക്കുറി ആര്‍.എം.പിയുടെ വോട്ടുകള്‍ ലഭിച്ചത് എല്‍.ഡി.എഫിനാണെന്ന് സ്ഥാനാര്‍ഥി പി. ജയരാജന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയം എന്ന പ്രചാരണം വടകരയില്‍ ഫലം കണ്ടില്ല. കൈപ്പത്തിക്ക് വോട്ടുകുത്താന്‍ പ്രയാസമുള്ളവര്‍ വടകരയില്‍ ഉണ്ടെന്നും ഇതിന്റെ ഗുണം തനിക്കു കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനക്കെതിരേ ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ രംഗത്തെത്തി. ടി.പി ചന്ദ്രശേഖരന്റെ ചോര വീണ് കൈകള്‍ക്ക് ഒരു ആര്‍.എം.പി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് രമ പറഞ്ഞു. ബി.ജെ.പിയുടേതുള്‍പ്പെടെയുള്ളവരുടെ വോട്ടുകള്‍ വടകരയില്‍ കെ. മുരളീധരന് കിട്ടിയെന്നും ഇത് വോട്ട് മറിക്കലല്ല യു.ഡി.എഫിനോടുള്ള താല്‍പര്യവും ജയരാജന്‍ എന്ന സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുമാണെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."