രക്ഷാപ്രവര്‍ത്തനത്തില്‍ തുണയായി ഷാജിയുടെ 'ഫ്ലോട്ടില'
മൂവാററുപുഴ: പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഷാജി സെയ്തുമുഹമ്മദ് സ്വയം വികസിപ്പിച്ചെടുത്ത ജലസുരക്ഷ ഉപകരണമായ ഫ്ലോട്ടില തുണയായി. മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. വീടിനു ചുറ്റും വെള്ളം ഉയരുകയും വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ പലരും കുടുങ്ങുകയായിരുന്നു. മൂവാറ്റുപുഴയാറിന് സമിപമുള്ള പ്രദേശമാണെങ്കിലും ഇവിടങ്ങളില്‍ കടത്തുവള്ളങ്ങള്‍ കുറവാണ്.
ഇടമലയാര്‍ ഡാം തുറന്നതോടെ സമീപപ്രദേശങ്ങളിലെ ബോട്ടുകളും വള്ളങ്ങളും ആലുവായിലേക്ക് സുരക്ഷക്കായി കൊണ്ടുപോയിതും മൂവാറ്റുപുഴക്ക് വിനയായി. മൂവാറ്റുപുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരാന്തുടങ്ങിയതോടെ ഇനിയെന്ത് എന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പകച്ചുനില്ക്കുമ്പോള് രക്ഷകനായി ഷാജി സെയ്തുമുഹമ്മദ് എത്തുകയായിരുന്നു.
തന്റെ കൈയിലുണ്ടായിരുന്ന ഫ്ലോട്ടിലകളും എവിടെനിന്നോ എത്തിയ ചെറുവള്ളങ്ങളിലും മറ്റും സഞ്ചരിച്ച് ആശുപത്രികള്‍, ഫ്ലാറ്റുകള്‍, കെട്ടിടങ്ങളിലെ ഉയര്‍ന്ന നിലകളില്‍ കുടുങ്ങിയ ഇതരസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ള 250 പേര്‍ക്ക് ഷാജിസെയ്തുമുഹമ്മദ് രക്ഷകനായി.
പൊലിസ്, ഫയര്‍ഫോഴ്സ്, നേവി എന്നിവരുടെ സഹായിയായി ഷാജി സെയ്തുമുഹമ്മദ് ദുരന്തമുഖത്ത് പൂര്‍ണ്ണ സമയം ഉണ്ടായിരുന്നു. ഇതിനു പുറമെ ഫ്ലാറ്റുകളിലെ ഉയര്‍ന്ന നിലകളില്‍ തങ്ങിയവര്‍ക്ക് തന്റെ ഫ്ലോട്ടില ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കുകയും ചെയ്തു. മുപ്പതോളം ഫ്ലോട്ടിലകളാണ് മൂവാററുപുഴയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്.
ജില്ലയില്‍തന്നെ വിവധ സ്ഥലങ്ങളില്‍ ഷാജി സെയ്തുമുഹമ്മദിന്റെ ഫ്ലോട്ടിലകള്‍ ദുരുതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ജില്ലാ ഭരണകൂടം 50 ഫ്ലോട്ടിലകളാണ് വാടകക്കായി കൊണ്ടുപോയത്. ഫ്ലോട്ടിലയുടെ ഉപയോഗം മനസിലാക്കിയ നേവി കൊച്ചി നേവല്‍ബേസിലേക്ക് 1500ഫ്ലോട്ടിലകള്‍ ആവശ്യപ്പെട്ടെങ്കിലും 1200 എണ്ണം നല്കാനെ കഴിഞ്ഞൊള്ളു. മൂവാറ്റുപുഴ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് തുണയായും രക്ഷകനായും ജലസുരക്ഷ ഉപകരണവുമായി എത്തിയ ഷാജി സെയ്തുമുഹമ്മദ് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."