പ്രളയദുരന്തം: ബി.എല്‍.ഒ വീടുകളിലെത്തി കണക്കെടുപ്പ് നടത്തും
മൂവാറ്റുപുഴ: പ്രളയ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10,000 രൂപ ദുരിതബാധിതരുടെ കൈകളില്‍ എത്തിക്കുന്നതിന് കണക്കെടുപ്പിനായി വാര്‍ഡു തലത്തില്‍ ബി.എല്‍.ഒ മാരെ നിയോഗിക്കും. അതാത് വാര്‍ഡിലെ മെമ്പറോടും ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമായിരിക്കും ബി.എല്‍.ഒ മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തുന്നത്.
അടിയന്തിരമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ മൂവാറ്റുപുഴ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. യോഗം മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി.എസ് മധുസൂധനന്‍ ബി.എല്‍.ഒമാര്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. ഭുരേഖ തഹസില്‍ദാര്‍ അമൃതവല്ലിഅമ്മാള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂവാററുപുഴ താലൂക്കില്‍ പിറവം മണ്ഡലത്തില്‍ 162ഉം, മൂവാററുപുഴയില്‍ 152മുള്‍പ്പടെ 314 ബി.എല്‍.ഒമാരാണ് ആകെയുള്ളത്. ഇവര്‍ക്ക് വാര്‍ഡിനെപ്പറ്റിയും വെള്ളംകയറിയ വീടുകളെപ്പറ്റിയും അടുത്തരിയാവുന്നവര്‍ എന്ന നിലയില്‍ എത്രയും വേഗം കണക്കെടുപ്പ് പൂര്‍ത്തിയാക്കി സഹായം അതാതു വീടുകളിലെത്തിക്കാന്‍കഴിയുമെന്ന് തഹസില്‍ ദാര്‍ പി.എസ്. മധുസൂധനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."