നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ; അട്ടിമറിക്കുന്നതിന് പിന്നില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയെന്ന് ആക്ഷേപം
കല്‍പ്പറ്റ: കേരളത്തിന്റെ യാത്രാദുരിതങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും പ്രധാന പദ്ധതിയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിന് പിന്നിലും സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയെന്ന ആരോപണവുമായി നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി.
10 ലക്ഷത്തോളം വരുന്ന ബംങ്കളൂര്‍ മലയാളികളാണ് കേരളത്തിലേക്കുള്ള യാത്രയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. സേലം-കോയമ്പത്തൂര്‍ വഴിയുള്ള റെയില്‍പാതയിലൂടെ ബംങ്കളൂരില്‍ നിന്ന് കേരളത്തിലേക്ക് ഇനി പുതിയ തീവണ്ടികള്‍ ഓടിക്കുക അപ്രായോഗികമാണ്. രണ്ടു തീവണ്ടികള്‍ തമ്മില്‍ 10 മിനിറ്റ് ഇടവേള വേണ്ടതിനാല്‍ ഒരു പാതയില്‍ ഒരു മണിക്കൂറില്‍ ആറ് തീവണ്ടികളെ ഓടിക്കാനാവൂ എന്നതിനാല്‍ ഈ പാതയുടെ ഉപയോഗ പരിധി പിന്നിട്ട് കഴിഞ്ഞതാണ്. ഇതു മുതലെടുത്താണ് നൂറുകണക്കിന് സ്വകാര്യ ബസുകള്‍ ഈ റൂട്ടിലെ ഗതാഗതം കൈയടക്കിയിട്ടുള്ളത്. ഇവരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏട്ട് തവണ കേരള നിയമസഭയില്‍ ചര്‍ച്ചയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയെ അട്ടിമറിക്കുന്നത്. തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കു വേണ്ടി പലപല അപ്രായോഗിക അലൈന്‍മെന്റുകളും പരിശോധിപ്പിച്ച് സമയം തള്ളി നീക്കുന്നതിന് പിന്നിലും ഈ ലോബിയുടെ അവിഹിത ഇടപെടലുകളുണ്ട്.
കേരളാ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്താക്കിയും ഉള്‍പ്പെടുത്തിയുമൊക്കെ തട്ടിക്കളിച്ച് സമയം നീക്കുന്നത് സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയാണ്. തലശ്ശേരി-മൈസൂര്‍ റെയില്‍പാതയോടുള്ള മുഖ്യമന്ത്രിയുടെയും സര്‍ക്കാറിലെ ഉന്നതരുടെയും താല്‍പ്പര്യം മറയാക്കി, റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലേയും ഗതാഗത വകുപ്പിലേയും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബസ് ലോബി നടത്തുന്ന ഈ ഒത്തുകളി ദുരിതത്തിലാഴ്ത്തുന്നത് ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികളെയും കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെയുമാണ്. സമഗ്രമായ അന്വേഷണം നടത്തി നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതില്‍ സ്വകാര്യ ബസ് ലോബിയുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ മത്തായി, വി. മോഹനന്‍, എം.എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, ജേക്കബ് ബത്തേരി, ഐസണ്‍ ജോസ്, കെ. കുഞ്ഞിരാമന്‍, എല്‍ദോ കുര്യാക്കോസ്, നാസര്‍ കാസിം, അനില്‍, സംഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."