പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഒളിവിലായിരുന്ന ഉടമയും ഭാര്യയും കീഴടങ്ങി
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന സ്ഥാപന ഉടമ റോയി ഡാനിയല്‍, ഭാര്യ പ്രഭ എന്നിവര്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. അതിനിടെ, വെള്ളിയാഴ്ച ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായ ഇവരുടെ രണ്ട് മക്കളെയും പൊലിസ് ഇന്നലെ കേരളത്തിലെത്തിച്ചു.
സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റിനു മറിയം തോമസ്, ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് അംഗം റിയ ആന്‍ തോമസ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിച്ചത്. തട്ടിപ്പ് ആസൂത്രിതമായി നടന്നെന്ന നിഗമനത്തിലാണ് പൊലിസ്. സംസ്ഥാനത്തും പുറത്തുമായി 274 ബ്രാഞ്ചുകളിലൂടെ 2,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പൊലിസ് നിഗമനം. സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് റോയിയുടെയും ഭാര്യയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപകാലത്ത് പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളാണെന്ന് വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പൊലിസ് കണ്ടെത്തി.
പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളുകളായി പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്‌സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ് രസീതുകള്‍ നല്‍കുന്നത്.
എന്നാല്‍, ഈ സ്ഥാപനങ്ങളെല്ലാം റോയിയുടെയും മക്കളുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്റര്‍പോളിന്റെ സഹായം തേടും
തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘം അന്വേഷിക്കും. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം വഹിക്കും. കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തെ സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് തീരുമാനം. രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക കണക്ക്. സംസ്ഥാന വ്യാപകമായി പൊലിസ് സ്റ്റേഷനുകളില്‍ സ്ഥാപന ഉടമയ്‌ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."