പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുവേണ്ടി സര്‍ക്കാര്‍ കോടതി വിധി അട്ടിമറിക്കുന്നു: യൂത്ത് ലീഗ്
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുവേണ്ടി ഒതായി മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഏഴു മാസമായി ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണെന്ന് മനാഫിന്റെ ബന്ധുക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫിറോസ് ആരോപിച്ചു. കാല്‍നൂറ്റാണ്ടായി മനാഫ് വധത്തില്‍ നീതിക്കായി നിയമപോരാട്ടം നടത്തുന്ന കുടുംബത്തോടൊപ്പം യൂത്ത്‌ലീഗ് പങ്കുചേരുന്നതായും കോടതിയലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. 1995ഏപ്രില്‍ 13നാണ് മലപ്പുറം ഒതായി അങ്ങാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ടുതവണയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നിര്‍ദേശിക്കുന്ന അഭിഭാഷക പാനലില്‍നിന്ന് രണ്ടു മാസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2019 നവംബര്‍ 27നാണ് ഹൈക്കോടതി അവസാനമായി ഉത്തരവിട്ടത്. എന്നാല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ഫിറോസ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മനാഫിന്റെ ബന്ധുക്കളായ അബൂബക്കര്‍, മന്‍സൂര്‍, റസാഖ്, ഫാത്തിമ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."