ദക്ഷിണ കന്നഡ ജില്ലകളില്‍ മഴ
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വീണ്ടും മഴ. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ദക്ഷിണ കന്നഡ ജില്ല,സുള്ള്യ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തത്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടായത് ചില പ്രദേശങ്ങളില്‍ നാശനാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കൊടഗ് ജില്ലയിലെ സുള്ള്യ താലൂക്കില്‍ ഒട്ടനവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. പല വീടുകളുടെയും ഓടിട്ട മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു.
സുള്ള്യ താലൂക്കിലെ സോനങ്ങേരി, ജാല്‍സൂര്‍, കനക മജല്‍ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. മഴക്കിടയില്‍ ജാല്‍സൂര്‍ സോനങ്ങേരി പാതയില്‍ വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് വിവിധ വില്ലേജ് പരിധികളില്‍ വൈദ്യുതി തടസം നേരിട്ടു. പോസ്റ്റ് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം രാത്രി വൈകിയാണ് പുനഃസ്ഥാപിച്ചത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ തഹസില്‍ദാര്‍ അബ്ദുല്ലക്കുഞ്ഞി, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.
വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് സുബ്രഹ്മണ്യ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചു. അതിനിടെ കനത്ത ജലക്ഷാമം നേരിടുന്ന ദക്ഷിണ കന്നഡ ജില്ല ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മഴ പെയ്തത് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. റേഷന്‍ സമ്പ്രദായത്തില്‍ ദിവസങ്ങള്‍ ഇടവിട്ടാണ് പല ഭാഗങ്ങളിലും ഒരു മണിക്കൂര്‍ സമയം ജലം വിതരണം നടത്തി വരുന്നത്. ഈമാസം 30 വരെ മഴ ഉണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."