ട്രഷറി ഡയരക്ടര്‍ അയ്യങ്കാളിയെ അപമാനിച്ചെന്ന് ജോയിന്റ് കൗണ്‍സില്‍
തിരുവനന്തപുരം: അയ്യങ്കാളി ദിനത്തില്‍ പട്ടികവിഭാഗം ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയ ട്രഷറി ഡയരക്ടറുടെ നടപടിക്കെതിരേ ജോയിന്റ് കൗണ്‍സില്‍. ട്രഷറി ഡയരക്ടറുടെ നടപടി അയ്യങ്കാളിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സോഫ്റ്റ്വെയറിലെ അപാകത മൂലം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കുന്നതിനായി അയ്യങ്കാളി ദിനത്തിലും ട്രഷറി പ്രവര്‍ത്തിപ്പിക്കണമെന്ന ഡയരക്ടറുടെ ഉത്തരവ് ജീവനക്കാര്‍ പൂര്‍ണ മനസോടെ ഏറ്റെടുത്തിരുന്നു. ഒരുതരത്തിലുള്ള പരാതിയും ജീവനക്കാരോ സംഘടനകളോ ഉയര്‍ത്തിയില്ല. എന്നാല്‍, 28ന് ഉച്ചയ്ക്ക് 2.30ന് പട്ടികവിഭാഗം ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതായി ഡയരക്ടര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ജാതിതിരിച്ച് ഇറക്കിവിടുകയും ചെയ്തു. ഇത്തരത്തില്‍ ജീവനക്കാരെ അപമാനിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഡയരക്ടര്ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയര്മാന് ജി. മോട്ടിലാലും ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."