പുതിയ ട്രാഫിക് സജ്ജീകരണം ഗതാഗതക്കുരുക്കിന് കാരണമാകുന്നു
ചാലക്കുടി: മുനിസിപ്പല്‍ ജങ്ഷന് അടച്ചുകെട്ടി പുതിയതായി ഒരുക്കിയ ട്രാഫിക് വന്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു. കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ട്രാഫിക് സംവിധാനം ഒരുക്കിയത്. എന്നാല്‍ മതിയായ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാന പോയിന്റുകളില്‍ പോലും പൊലിസിന്റെ സേവനമില്ല. ഭാരമേറിയ വാഹനങ്ങളടക്കമുള്ളവ സര്‍വിസ് റോഡിലൂടെ പോകുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്.
മുനിസിപ്പല്‍ ജങ്ഷനില്‍നിന്ന് വലതുഭാഗത്തെ സര്‍വിസ് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ദേശീയപാതയിലും ഗതാഗത തടസം ഉണ്ടാവുന്നുണ്ട്.
ഇവിടെ വന്‍ അപകട സാധ്യതയാണ് പതിയിരിക്കുന്നത്. ദേശീയപാതയിലൂടെ മേല്‍പാലമിറങ്ങി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഇരുചക്ര വാഹന യാത്രികരാണ് കൂടുതലായും അപകടത്തില്പെടുക. മുന്‍ കരുതലുകളും ഒരുക്കങ്ങളും ഇല്ലാതെ നടപ്പിലാക്കിയ പുതിയ സംവിധാനം വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."