ക്ലാസ് മുറിയിലെ ബോര്‍ഡില്‍ നന്ദി വാചകങ്ങള്‍ എഴുതിച്ചേര്‍ത്ത് അവര്‍ വീടുകളിലേക്ക് യാത്രയായി
കൊച്ചി: 'ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസുകള്‍ക്ക് നന്ദി' എന്ന് ക്ലാസ് മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്ത ശേഷമാണ് ക്യാംപിലെത്തിയവര്‍ കാംപസില്‍ നിന്ന് വീടുകളിലേക്ക് യാത്രയായത്.
പ്രളയവും പേമാരിയും രൂക്ഷമായപ്പോള്‍ സ്വന്തം വീടുകള്‍ താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ മഹാരാജാസില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപില്‍ എത്തിയവരാണ് ബോര്‍ഡില്‍ നന്ദി വാചകങ്ങള്‍ എഴുതിവച്ചത്.
പ്രണയത്തിന്റെ കനലുകള്‍ക്കിടയിലും മഹാരാജാസില്‍ സംഘടിപ്പിച്ച ഓണാഘോഷവും പൊടിപൊടിച്ചു. പ്രളയം വിതച്ച നഷ്ടങ്ങള്‍ക്കുമേല്‍ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും അന്തരീക്ഷമാണ് കോളജ് അങ്കണത്തില്‍ തിരുവോണനാളില്‍ ഉണ്ടായിരുന്നത്. പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കാന്‍ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നല്‍കിയതെന്ന് ക്യാംപിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറഞ്ഞു. ക്യാംപില്‍ ആണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല, അത്രയ്ക്ക് സുന്ദരമായ അന്തരീക്ഷമാണ് മഹാരാജാസിലുണ്ടായിരുന്നതെന്ന് ചരിയം തുരുത്ത് നിവാസി പ്രമോദ് പറയുന്നു.
ദുരിതംപേറി ക്യാംപിലെത്തിയവര്‍ക്ക് മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചതെന്നായിരുന്നു മറ്റൊരു നിവാസി ഡെല്‍മ തമ്പിയുടെ അഭിപ്രായം. ഗാനമേള, മാജിക്, നാടന്‍പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാംപിലെത്തിയ വര്‍ക്ക് വേണ്ടി കാംപസില്‍ സംഘടിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 16നാണ് മഹാരാജാസ് കോളജില്‍ തഹസില്‍ദാര്‍ വൃന്ദാ ദേവിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസക്യാംപ് ആരംഭിച്ചത്. എണ്ണൂറിലധികം ആളുകള്‍ ക്യാംപില്‍ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിന്‍, ചരിയം തുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാംപിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."