110ല്‍ കൊവിഡിനെ തോല്‍പ്പിച്ച് പാത്തു
മഞ്ചേരി: ആരോഗ്യ മേഖലക്ക് അഭിമാനവും ആത്മവിശ്വാസവും പകര്‍ന്ന് 110 വയസുകാരി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു.
മലപ്പുറം ജില്ലയിലെ രണ്ടത്താണി തോഴന്നൂര്‍ മുതുകപറമ്പ് ചെങ്ങണക്കാട്ടില്‍ വാരിയത്ത് പാത്തുവാണ് പൂര്‍ണ ആരോഗ്യത്തോടെ വീടണഞ്ഞത്. രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് പാത്തുവിന്റെ രോഗമുക്തി. മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു ഇവര്‍ ചികിത്സ തേടിയിരുന്നത്.
സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പാത്തു. കഴിഞ്ഞ 18നാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പേരമകന്റെ നിക്കാഹ് ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നായിരുന്നു പാത്തുവിന് രോഗം ബാധിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് ചെറിയ ശസ്ത്രക്രിയക്ക് വിധേയമായത് ഒഴിച്ചാല്‍ പറയത്തക്ക വിധത്തിലുള്ള ഒരു രോഗവും പാത്തുവിനെ തൊട്ടിട്ടുപോലുമില്ല. 110 വയസായെങ്കിലും പ്രായത്തെ വെല്ലുന്ന ജീവിതമാണ് ഈ ഉമ്മയുടേത്. നേരം പുലര്‍ന്നാല്‍ കൃഷിയിടത്തിലും അയല്‍പക്കങ്ങളിലും എത്തുന്ന പാത്തുവിന് മുന്‍പില്‍ കൊവിഡ് തോറ്റുമടങ്ങുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ കിടക്കുമ്പോഴും രോഗം ബാധിച്ച വിവരം പാത്തു അറിഞ്ഞില്ല. ഇനി ക്വാറന്റൈനില്‍ കഴിയുന്നതും അങ്ങനെ തന്നെ. പി.പി.ഇ കിറ്റ് അണിഞ്ഞ് തന്നെ പരിചരിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് പാത്തുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'പണ്ടേക്കും പണ്ടുള്ള പന്യാത്, അയ്‌ന്പ്പം ഇങ്ങനെ മൂടിപ്പൊതച്ച് ബരണോ?. ച്ച് കുടീക്ക് പോണം. അയലോക്കത്തെ ആയ്ച്ചൂനെ കണ്ട്ട്ട് ദെവസെത്രായി'.. കൊവിഡിന് മുന്‍പില്‍ പരിഭ്രമം ഇല്ലാതെ ചികിത്സക്ക് വിധേയമായ പാത്തുവിനോട് കൊവിഡ് തോറ്റുമടങ്ങിയപ്പോള്‍ വിജയിച്ചത് മഞ്ചേരി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യമാണ്.
പൂര്‍ണ ആരോഗ്യവതിയായതില്‍ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മലപ്പുറം കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.പി.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ. ജലീല്‍, ഡോ.സഹീര്‍ നെല്ലിപറമ്പന്‍ എന്നിവര്‍ ചേര്‍ന്ന് പാത്തുവിനെ യാത്രയാക്കി.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും 103 വയസുകാരന്‍ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവരാണ് നേരത്തെ കൊവിഡ് ഭേദമായവരുടെ കൂട്ടത്തിലെ പ്രായം കൂടിയവര്‍. ചികിത്സക്ക് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."