ആരോഗ്യത്തിലും വര്‍ഗീയവിഷം
കുറച്ചുവര്‍ഷം മുന്‍പ് കോഴിക്കോട് നഗരപ്രാന്തത്തില്‍ ഒരിടത്ത് ഒരു വൈദ്യനുണ്ടായിരുന്നു. മാറാവ്യാധികള്‍ പോലും മാറ്റുന്നയാള്‍ എന്നായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ശ്രുതി. അതിനാല്‍ത്തന്നെ പലപല ദേശങ്ങളില്‍ നിന്നും രോഗികള്‍ വൈദ്യരെ തേടി എത്താറുണ്ടായിരുന്നു. പക്ഷേ, വീട്ടുപടിക്കലെത്തുമ്പോഴാണ് വൈദ്യരുടെ മനസിലെ അയിത്തചിന്തയെന്ന കൊടിയവിഷത്തിന്റെ മാരകത്വം ബോധ്യപ്പെടുക. രോഗി സവര്‍ണരില്‍ സവര്‍ണനെങ്കില്‍ വൈദ്യരുടെ മുഖത്തു പ്രകാശം പരക്കും. വൈദ്യരുടെ അടുത്തുചെന്ന് രോഗവിവരങ്ങള്‍ പറയാം. ആ രോഗിയോട് മാന്യമായ പെരുമാറ്റമായിരിക്കും വൈദ്യരില്‍ നിന്നുണ്ടാകുക.
രോഗിയുടെ സവര്‍ണത്വത്തിന്റെ മാറ്റ് കുറയുന്നതിന് അനുസരിച്ച് വൈദ്യരുടെ മുഖപ്രസാദം വ്യത്യാസപ്പെടും. രോഗി നില്‍ക്കേണ്ട അകലവും വ്യത്യാസപ്പെടും. ജാതിയുടെ വലിപ്പച്ചെറുപ്പമനുസരിച്ചു നില്‍ക്കേണ്ട ദൂരത്തിന്റെ പരിധിയുണ്ട്. പതിവായി വരുന്നവര്‍ അതനുസരിച്ചു നില്‍ക്കും. പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പടിപ്പുരയിലാണു സ്ഥാനം. ദലിതരാണെങ്കില്‍ ഇടവഴിയില്‍നിന്നു രോഗവിവരം പറയണം. സമുദായ വ്യത്യാസം നോക്കി വൈദ്യരുടെ വാക്കിന്റെ മയവും മൂര്‍ച്ചയും വ്യത്യാസപ്പെടും. ജാതിയില്‍ താഴ്ന്നവരോട് ഇന്നതേ പറയൂ എന്നില്ല. പറയുന്നതു പരസ്യമായിട്ടായിരിക്കും. എങ്ങനെയെങ്കിലും രോഗം മാറണമെന്നുള്ളവര്‍ എല്ലാം സഹിച്ചുനില്‍ക്കും.
ഏതെങ്കിലും രോഗി അളവുതെറ്റിച്ച് മുന്നോട്ടു നിന്നുവെന്നു സംശയം തോന്നിയാല്‍ വൈദ്യര്‍ തന്ത്രപൂര്‍വം പേരു ചോദിക്കും. അതില്‍നിന്ന് രോഗിയുടെ ജാതിയോ മതമോ വ്യക്തമായില്ലെങ്കില്‍ പിതാവിന്റെ പേരു ചോദിക്കും. പല ജാതിവിഭാഗത്തിലുംപെട്ട ആളുകളുടെ പേരില്‍ വാലായി ജാതിപ്പേരുണ്ടാകുമായിരുന്നല്ലോ. ജാതി മറച്ചു മുന്നില്‍ കയറി നിന്നവനെ അക്കാരണം പറഞ്ഞല്ലാതെ വേണ്ടത്ര ശകാരിക്കാന്‍ വൈദ്യര്‍ മറക്കാറില്ല.
മണ്‍മറഞ്ഞുപോയ ആ വൈദ്യരുട രൂപവും അദ്ദേഹത്തിന്റെ മനസില്‍ നിറഞ്ഞുതുളുമ്പിയിരുന്ന വര്‍ഗീയഭ്രാന്തും കഴിഞ്ഞദിവസം തികച്ചും അവിചാരിതമായി മനസിലേയ്ക്കു കടന്നുവരികയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട കരടു നിര്‍ദേശങ്ങളാണ് അതിനു നിമിത്തമായത്.
ഇന്ത്യയെ ആരോഗ്യസമ്പൂര്‍ണമായ അന്തരീക്ഷത്തിലേയ്ക്കു നയിക്കുമെന്ന പ്രഖ്യാപനത്തോടെയാണല്ലോ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ആരോഗ്യ തിരിച്ചറിയല്‍ രേഖയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുതന്നെ ആ നയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ ഏറെ കൗതുകത്തോടെയാണ് ഇന്ത്യയിലെ ജനത കാത്തിരുന്നത്.
അങ്ങനെ കഴിഞ്ഞദിവസം ആരോഗ്യ തിരിച്ചറിയല്‍ രേഖ സംബന്ധിച്ച നിയമാവലിയുടെ കരടുരൂപം പുറത്തുവന്നു. എന്നാല്‍, അത് ഇന്ത്യയിലെ പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രതീക്ഷയും ആഹ്ലാദവുമല്ല ഉണ്ടാക്കിയത്, നേരത്തെ പറഞ്ഞ വൈദ്യരുടെ പടിപ്പുരയ്ക്കു മുന്നിലെത്തിയ രോഗികളുടെ മനസിലുളവായ വിമ്മിട്ടമായിരുന്നു. രോഗിയുടെ ജാതിയും മതവുമറിയാന്‍ പേര്, അച്ഛന്റെ പേര് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന മതവെറിയനായ വൈദ്യരുടെ മുന്നിലെത്തിപ്പെട്ട ഗതികെട്ട രോഗിയുടെ അവസ്ഥ.
ആരോഗ്യ തിരിച്ചറിയല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കണമെങ്കിലും കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കണമെന്നാണു കരടില്‍ പറയുന്നത്. അതില്‍ മര്‍മപ്രധാനമാണ് മതവും ജാതിയും അറിയിക്കണമെന്നത്. അത് എന്തിനാണെന്നു മനസിലാകുന്നില്ല. ബ്രാഹ്മണന് ഇന്ന രോഗമേ വരൂ, ദലിതന് ഇന്നയിന്ന രോഗങ്ങള്‍ വരാം, മുസ്‌ലിമിന് ഇന്ന രോഗങ്ങളുണ്ടാകും എന്നൊക്കെ ഉടയതമ്പുരാന്‍ നിശ്ചയിച്ചുവച്ചതായി അറിയില്ല.
കൊവിഡായാലും നിപയായാലും അര്‍ബുദമായാലും കുഷ്ഠരോഗമായാലും ഏതു മതക്കാരനെയും ജാതിക്കാരനെയും അതു തരംപോലെ ബാധിക്കുകയോ ബാധിക്കാതിരിക്കുകയോ ചെയ്യാം. പിന്നെന്തിനാണ് ആരോഗ്യ ഐ.ഡി പദ്ധതിയില്‍ അംഗമാകാന്‍ പൗരന്‍ സര്‍ക്കാരിനെ ജാതിയും മതവും ബോധ്യപ്പെടുത്തണമെന്നു പറയുന്നത്. ജാതിയും മതവും മാത്രമല്ല, രോഗിയുടെ രാഷ്ട്രീയവും അറിയിക്കണം. ലൈംഗികവിഷയത്തിലെ താല്‍പര്യമോ താല്‍പര്യക്കുറവോ കൂടി അറിയിക്കണമെന്നതാണ് അതിലേറെ വിചിത്രമായ നിര്‍ദേശം. വ്യക്തിയുടെ ലൈംഗികതാല്‍പര്യം നോക്കിയല്ലല്ലോ ഡോക്ടര്‍മാര്‍ പനിക്കും തലവേദനയ്ക്കും മറ്റും ഇത്രനാളും മരുന്ന് കുറിച്ചത്. സ്വാഭാവികമായും ആധാര്‍ കാര്‍ഡും മറ്റും നടപ്പാക്കുമ്പോള്‍ നിര്‍ദേശിച്ചിരുന്നപോലെ ഇവിടെയും സാമ്പത്തികസ്ഥിതി, ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
ഭരിക്കപ്പെടുന്നവരുടെ ആരോഗ്യപരിപാലനത്തില്‍ ഭരണകൂടം താല്‍പര്യമെടുക്കുന്നതു നല്ലകാര്യം. അശരണര്‍ക്കും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവര്‍ക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ചികിത്സ ലഭ്യമാക്കാന്‍ ഭരണാധികാരി ആഗ്രഹിക്കുന്നതും അതിനുവേണ്ടി ജനങ്ങളെ സാമ്പത്തികമായി വിഭിന്ന തട്ടുകളാക്കി തിരിക്കുന്നതും അംഗീകരിക്കാവുന്നതാണ്. എന്നാല്‍, എന്തിനാണു ജാതിയും മതവും നോക്കുന്നത്. അവിടെയാണു ഭരിക്കുന്നവരുടെ മനസിലെ വര്‍ഗീയഭ്രാന്തിന്റെ ഊക്ക് വ്യക്തമാകുന്നത്.
പണ്ട്, ഉത്തരേന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഈ വര്‍ഗീയഭ്രാന്തിന്റെ പ്രതീകങ്ങളായി ഹിന്ദു പാനി, മുസ്‌ലിം പാനി എന്ന് വെവ്വേറെ എഴുതിയ കുടിവെള്ളപാത്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു പാത്രങ്ങളിലുമുള്ളത് പ്രകൃതിദത്തമായ കുടിവെള്ളം. പക്ഷേ, ഹിന്ദു പാനിയെന്ന് എഴുതിയ പാത്രത്തില്‍നിന്നു വെള്ളം കുടിക്കാന്‍ മുസ്‌ലിമിന് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അയിത്തമാകുമെന്നായിരുന്നു വിശ്വാസം.
ന്യൂനപക്ഷങ്ങളെപ്പോലെ തന്ന പീഡിപ്പിക്കപ്പെട്ട ജനവിഭാഗമായിരുന്നു ദലിതുകള്‍. ഒരു തരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍പോലും കവി പാടിയപോലെ 'തൊട്ടുകൂടാത്തവര്‍, തീണ്ടികൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍' തുടങ്ങി ഭീകരമായ ജാതിവിവേചനത്തിന്റെ ഇരകള്‍ ഏതാനും പതിറ്റാണ്ടുകള്‍ മുന്‍പു വരെ ഉണ്ടായിരുന്നല്ലോ. ഉത്തരേന്ത്യയില്‍ ഇന്നും അത് ഒട്ടും കുറവില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം സാമുദായിക രാഷ്ട്രീയത്തിന്റെ നിലപാടുതറയില്‍ നില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ തിരിച്ചറിയല്‍ രേഖയുടെ പിന്നാമ്പുറ താല്‍പര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍. ''ജാതി നശിക്കണം. ഭരണകൂടം നിയമംമൂലം ജാതിനിര്‍മാര്‍ജനത്തിനു തയാറാകണം'' എന്നു പരസ്യമായി ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരു ജനിച്ച നാടാണിത്. അടിയുറച്ച മതവിശ്വാസിയായിരിക്കെത്തന്നെ അങ്ങേയറ്റത്തെ മതേതരവാദിയായിരുന്ന ഗാന്ധിജിയുടെ കര്‍മഭൂമിയാണിത്. ആ നാട്ടിലാണ് വര്‍ഗീയവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്ത് പാകാന്‍ ആരോഗ്യ തിരിച്ചറിയല്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
മുകളില്‍ പറഞ്ഞ വിവരങ്ങളെല്ലാം നല്‍കണമെന്നതു കര്‍ക്കശമല്ലെന്നു സര്‍ക്കാര്‍ പറയുന്നുണ്ട്. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. എന്നാല്‍, ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നിങ്ങള്‍ക്കു കിട്ടില്ല. പൗരന്റെ ഇതുവരെയുള്ള രോഗങ്ങളുടെയും ചികിത്സയുടെയും റിപ്പോര്‍ട്ടുകളും മറ്റു വിവരങ്ങളും ഉണ്ടാകുമെന്നു പറയപ്പെടുന്ന പദ്ധതിയില്‍നിന്നു പുറത്തായാല്‍ ഭാവിയില്‍ ചികിത്സാസൗകര്യങ്ങളെപ്പോലും അതു ബാധിച്ചേക്കാം. സ്വാഭാവികമായും സര്‍ക്കാര്‍ ചോദിക്കുന്ന ഓരോ വിവരവും ലവലേശം മടിയില്ലാതെ നല്‍കാന്‍ ജനം നിര്‍ബന്ധിതരാകും.
ഓരോ വ്യക്തിയുടെയും ആരോഗ്യവും ജീവന്റെ നിലനില്‍പ്പും സര്‍ക്കാരിന്റെ കൈക്കുമ്പിളില്‍ ആയിത്തീരും. ജനങ്ങളെ കൈവെള്ളയിലിട്ട് അമ്മാനമാടാന്‍ ഭരണകൂടത്തിന് ഇതില്‍പ്പരം സുവര്‍ണാവസരം ലഭിക്കില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."