ബസുകള്‍ വഴിമാറ്റുന്നു; ദേശീയപാതയിലെ യാത്രക്കാര്‍ പെരുവഴിയില്‍
കാസര്‍കോട്: ദേശീയപാത വഴി സര്‍വിസ് നടത്തേണ്ട കെ.എസ്.ആര്.ടി.സി ബസുകള്‍ റൂട്ട് മാറ്റി ഓടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാസര്‍കോട്ടുനിന്ന് വിവിധ ജില്ലകളിലേക്ക് പോകുന്നതും തിരികെവരുന്നതുമായ ബസുകളാണ് ദേശീയപാത ഒഴിവാക്കി സംസ്ഥാനപാതയിലൂടെ സര്‍വിസ് നടത്തുന്നത്. ഇതുമൂലം ദേശീയപാതയില്‍ ബസ് കാത്തുനില്‍ക്കുന്നവരും അവിടെ ഇറങ്ങേണ്ടതുമായ യാത്രക്കാര്‍ പ്രയാസമനുഭവിക്കുകയാണ്.
ബസുകള്‍ക്ക് ദേശീയപാത വഴി സര്‍വിസ് നടത്താനാണ് അനുമതിയെങ്കിലും സൗകര്യം കണക്കിലെടുത്ത് ബസ് റൂട്ട് മാറ്റുകയാണ്. ഇരുപത് വര്‍ഷത്തിലധികമായി കൊല്ലൂര്‍-കൊട്ടാരക്ക റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ബസ് നാല് മാസമായി യാതൊരു മുന്നറിയിപ്പുമില്ലാതെ റൂട്ട് മാറ്റി ഓടുകയാണ്.
അതേസമയം കെ.എസ്.ആര്.ടി.സി പുതുതായി തുടങ്ങിയ കാസര്‍കോട്-എറണാകുളം, കാസര്‍കോട്-കോഴിക്കോട് ലോ ഫ്ലോര്‍ എ.സി ബസുകള്‍ എന്നിവയും അധികൃതര്‍ നിശ്ചയിച്ച റൂട്ടില്‍നിന്ന് മാറിയാണ് ഓടുന്നത്.
അതിനിടെ ദേശീയപാത റൂട്ട് കെ.എസ്.ആര്.ടി.സി ഏറ്റെടുക്കുകയും സ്വകാര്യബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കാതിരിക്കുകയും ചെയ്തതോടെ പാതയില്‍ യാത്രാ ക്ലേശം വളരെ രൂക്ഷമാണ്. ഒരു മണിക്കൂറിനിടയില്‍ ആറും ഏഴും ടി.ടി.ബസുകള്‍ മാത്രം ഓടുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. എന്നാല്‍ ദീര്‍ഘദൂര ബസുകള്‍ കൂടുതലായി സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഇതിനിടയിലുള്ളവരാണ് ദുരിതമനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."