മോദിയുടെ ആരോപണം പദവിക്ക് ചേരാത്തത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്ത് മികച്ച ക്രമസമാധാനപാലനമുള്ള കേരളത്തെയും കേരളജനതയെയും അവഹേളിക്കുന്നതാണ് ഈ പ്രസ്താവന. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നത് കേന്ദ്രസര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അക്രമം നടത്തുന്നവര്‍ സംഘ്പരിവാറില്‍പ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. എന്നാല്‍, ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. അക്രമികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുമെന്നതാണ് കേരളത്തിലെ സാഹചര്യം.
വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ സമാധാനവും ജനങ്ങളുടെ സൈ്വരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംഘ്പരിവാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് ആര്‍.എസ്.എസിന്റെ കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്.
വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും. ഈ തിരിച്ചടിയുടെ സൂചനകളാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്. നുണ പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസുകാര്‍ക്ക് മടിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗീയലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."