വോട്ട് കച്ചവടം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും: മുല്ലപ്പള്ളി
കോഴിക്കോട്: ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നും മറിച്ചാണെങ്കില്‍ പിണറായി വിജയന്‍ സമാന നിലപാട് സ്വീകരിക്കുമോയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വടകരയിലും കോഴിക്കോട്ടും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിറ്റുവെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആരോപണം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. നല്ലവരായ സി.പി.എമ്മുകാരുടെ വോട്ടാണ് മുരളിക്ക് കിട്ടിയത്. കൊല്ലത്തടക്കം പലയിടത്തും സി.പി.എമ്മിന്റെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയിലെ ധാര്‍ഷ്ട്യക്കാരനെ തിരിച്ചറിഞ്ഞ പ്രവര്‍ത്തകരുടെ നിലപാടാണ് വോട്ടായി കോണ്‍ഗ്രസിന് ലഭിച്ചത്. നേരിട്ട് പ്രതികരിക്കാനാവാത്ത പ്രവര്‍ത്തകര്‍ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. വടകരയിലെ എല്‍.ജെ.ഡിയിലെ ഒരു വിഭാഗം തന്നെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന് ഒരുകാലത്തും ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ ബന്ധമില്ല. കറകളഞ്ഞ സുതാര്യമായ നിലപാടാണ് കോണ്‍ഗ്രസിന്റേത്. ന്യൂനപക്ഷ സമുദായത്തിനിടയില്‍ ആശങ്ക ഉണ്ടാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചുവെന്നത് പരാജയം ബോധ്യപ്പെട്ട സി.പി.എമ്മിന്റെ പതിവ് പല്ലവിയാണ്. വടകരയില്‍ രത്‌നസിങ് മത്സരിച്ച കാലഘട്ടത്തില്‍ കോലീബി സഖ്യമെന്ന് പ്രചരിപ്പിച്ചിരുന്നു. അതേ പല്ലവിയാണ് ഇപ്പോഴും തുടരുന്നത്.
ഫാസിസത്തിന്റെ ബീഭത്സമായ മുഖമാണ് മുഖ്യമന്ത്രിയുടേത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാവുന്ന വിജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമാകുന്നത്.
ഫാസിസ്റ്റുകളെ തകര്‍ക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ച് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി.പി.എം പുലര്‍ത്തുന്നത്. ശബരിമല വിഷയം ബി.ജെ.പിക്ക് അനുകൂലമായില്ല. വിശ്വാസികളുടെ വോട്ട് യു.ഡി.എഫിനാണ് ലഭിച്ചത്. ശബരിമല വിഷയത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ റിവ്യൂ ഹരജി നല്‍കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. പക്ഷേ അവരത് ചെയ്തില്ല. അതാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."