പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങ്: കോണ്‍കോര്‍ഡ് സ്‌കൂളില്‍ നിന്ന് 10 ലക്ഷം രൂപയുടെ സഹായം
കുന്നംകുളം: പ്രളയ ബാധിതര്‍ക്ക് ചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 10 ലക്ഷം രൂപയുടെ സഹായം. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ മാള, കൊച്ചുകടവ്, ഒരുമനയൂര്‍ എന്നിവിടങ്ങളിലേക്കാണ് സഹായമെത്തിച്ചത്.
ഒറ്റ ദിവസം കൊണ്ടാണ് സ്‌കൂളിലെ മാനേജ്‌മെന്റും അധ്യാപകരും അനധ്യാപകരും ഡ്രൈവര്‍മാരും സി.സി.എ അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പി.ടി.എ അംഗങ്ങളും സഹായങ്ങള്‍ ശേഖരിച്ചത്. സ്‌കൂള്‍ അവധി ആയതിനാല്‍ 25 ഓളം വരുന്ന സ്‌കൂള്‍ വാഹനങ്ങളിലും പ്രൈവറ്റ് വാഹനങ്ങളിലും അധ്യാപകരും അനധ്യാപകരും വാളണ്ടിയേഴ്‌സിനോട് കൂടി വിദ്യാര്‍ഥികളുടെ വീടുകളില്‍ ചെന്നാണ് സാധനങ്ങള്‍ ശേഖരിച്ചത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, ചായല ഉള്‍പെടെയുള്ള പലവ്യഞ്ജനങ്ങള്‍, പുതു വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ മുതലായ 25 ഓളം സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. 10 ടണ്‍ സാധനങ്ങളാണ് കൊച്ചുകടവിലേക്ക് കൊണ്ടു പോയത്. ജില്ലയിലെ തന്നെ വളരെ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് കൊച്ചുകടവ്. കുന്നംകുളം ബഥനി സ്‌കൂളിലെ ക്യാമ്പിലേക്കും ഒരുമനയൂര്‍ കോടായി സ്‌കൂള്‍ കാംപിലേക്കും കോണ്‍കോര്‍ഡിന്റെ സഹായ ഹസ്തമെത്തി.
ആര്‍.എം ബഷീര്‍, കെ.ടി മണി, വൈസ് പ്രസിഡന്റ് മുജീബ്, ഫരീദ് ഹാജി, താഹിര്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ഇന്ദിര വര്‍മ്മ, അധ്യാപകര്‍, അനധ്യാപകര്‍, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് നേരിട്ട് എത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ജയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വീടുകള്‍ വൃത്തിയാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."