ഞാങ്ങാട്ടിരി കടവില്‍ താല്‍കാലിക ബസ് സ്റ്റാന്‍ഡ്
പട്ടാമ്പി: പ്രളയത്തെ തുടര്‍ന്ന് പട്ടാമ്പി പാലത്തിലൂടെ വാഹന ഗതാഗതം നിരോധിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായ ഞാങ്ങാട്ടിരി കടവില്‍ തത്കാലിക ബസ് സ്റ്റാന്‍ഡ് തുറന്നു. പാലം കാല്‍നടയാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തതോടെ പട്ടാമ്പിയിലേക്ക് പോകുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കടവ് ഭാഗത്താണ്. തൃശൂര്‍,ഗുരുവായൂര്‍ ,എടപ്പാള്‍ ഭാഗത്തേക്കുള്ള നൂറ് കണക്കിന് സ്വകാര്യബസുകളും, ഓട്ടോറിക്ഷകളും, സ്വകാര്യ വാഹനങ്ങളും റോഡരികില്‍ കുമിഞ്ഞ് കൂടിയതോടെ സ്വകാര്യ ബസുകള്‍ക്ക് തിരിച്ച് പോകുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ പ്രദേശത്ത് ഗതാഗത കുരുക്ക് വര്‍ധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.രാമചന്ദ്രന്‍ നായരുടെ ശ്രമഫലമായി കടവത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ബസ് സ്റ്റാന്‍ഡാക്കി മാറ്റിയത്. ഇതോടെ ഗതാഗത കുരുക്കിന് ആശ്വാസമായി. പാലം അടച്ചിട്ടതോടെ പട്ടാമ്പി ബസ്സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി ഇരുനൂറോളം മീറ്റര്‍ നടന്ന് വേണം യാത്രകാര്‍ക്ക് കുന്നംകുളം, എടപ്പാള്‍ ഭാഗത്തേക്കുള്ള ബസുകളില്‍ കയറിപ്പറ്റാന്‍. ഗതാഗതം സുഗമമാക്കുന്നതിനും പാലത്തിലൂടെയുള്ള കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കുമായി പകല്‍ രാത്രി സമയങ്ങളില്‍ തൃത്താല എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ പൊലിസും കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന് പോയ പാലത്തിന്റെ കൈവരികള്‍ സ്ഥാപിക്കുകയും, പാലത്തിന്റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റും, പാലത്തിന്റെ തെക്കുഭാഗത്തെ തകര്‍ന്ന അപ്രോച്ച് റോഡിന്റേ നിര്‍മാണവും പൂര്‍ത്തിയായതിന് ശേഷമേ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കൂ. യുദ്ധകാല അടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."