സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ലാത്ത നാളുകള്‍
പട്ടാമ്പി: പ്രളയദുരിതം കാരണം നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചും സഹായിച്ചും രാവും പകലും സേവനപാതയില്‍ അവധിയില്ലാത്ത നാളുകളില്‍ കഴിച്ചുകൂട്ടിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കണം ബിഗ് സല്യൂട്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മഴക്കാലം തുടങ്ങിയതോടെ തന്നെ വിവിധ ജോലികളുടെ തെരക്കില്‍ ഏര്‍പ്പെട്ട ദിവസങ്ങളായിരുന്നു.
മഴശക്തമായതും തോടും പുഴയും റോഡും ഒന്നായി ഒഴുകിയതോടെ കേരളനാട് ഒന്നാകെ മഴക്കെടുതിയില്‍ കഷ്ടത അനുഭവിച്ചപ്പോള്‍ ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാരുടെ സേവനപാത സാമൂഹ്യമാധ്യമങ്ങളിലും ഇടം പിടിച്ചില്ല. നാടിന്റെ സുരക്ഷക്കായി കാക്കികുപ്പായക്കാരും സന്നദ്ധ സേനകളും അണിനിരന്നപ്പോള്‍ താമസിക്കാനും മറ്റും ആവശ്യമായ ദുരിതാശ്വാസ ക്യാംപിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന തെരക്കിലായിരുന്നു അധ്യാപകരും വകുപ്പ് ഉദ്യോഗസ്ഥരും.
വൈദ്യുതി തടസപ്പെട്ട നാടും നഗരവും വെളിച്ചമെത്തിക്കാനുള്ള പ്രയാണത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ജാഗ്രതരായി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പഞ്ചായത്ത് ജീവനക്കാര്‍ മുതല്‍ ഉന്നത ഓഫീസ് വകുപ്പുകളില്‍ ഇരിക്കുന്ന ജീവനക്കാര്‍ വരെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കണക്കെടുപ്പ് എടുക്കുന്നതിലും പങ്കാളികളായി.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് തിരിച്ച് പോയതോടെ അവധിക്ക് ശേഷം നാളെ തുറക്കുന്ന സ്‌കൂളിലെ ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട അധ്യാപക ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും ഇന്നലെ വരെയുള്ള ജില്ലയിലെ കാഴ്ചകളായിരുന്നു. അവധി നാളുകളില്‍ സേവനപാതയില്‍ സന്നദ്ധരായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരെ സന്നദ്ധ സംഘടനകള്‍ അനുമോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."