പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴി മൂടിയില്ല; അപകടങ്ങള്‍ പതിവാകുന്നു
ബോവിക്കാനം: പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി റോഡ് പിളര്‍ത്തിയപ്പോഴുണ്ടായ നീളമുള്ള കുഴി ടാറിംഗ് ചെയ്ത് അടയ്ക്കാത്തതു കാരണം അപകടങ്ങള്‍ പതിവാകുന്നു. ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ മല്ലം റോഡ് ചേരുന്നിടതാണ് ഈ ദുര്‍ഗതി.
ഒരു വര്‍ഷം മുമ്പ് ബാവിക്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് റോഡ് നെടുകെ പിളര്‍ത്തി കുഴിയെടുത്തത്. എന്നാല്‍ ശരിയായ രീതിയില്‍ ടാറിംഗ് നടത്തി കുഴി അടയ്ക്കാന്‍ കരാറുകാറോ അധികാരികളോ തയാറായില്ല.
നടുറോഡിലെ കുഴി അപകടഭീഷണി ഉയര്‍ത്തുന്നുവെന്നു കാണിച്ച് നേരത്തെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അമ്മംകോട് ഇസ്സത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ മണ്ണിട്ട് മൂടിയിരുന്നുവെങ്കിലും മഴ തുടങ്ങിയതോടെ വെള്ളമൊലിച്ച് വീണ്ടും വന്‍ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
ജില്ലയിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മല്ലം ക്ഷേത്രത്തിലേക്കും അമ്മംകോട്, പൈക്ക ഭാഗങ്ങളിലേക്കുമായി ദിവസേന നൂറിലധികം വാഹനങ്ങളാണ് ഇതു വഴി കടന്നു പോവുന്നത്.
പലതവണ കരാറുകാരോടും അധികൃതരോടും പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."