മാനദണ്ഡം പാലിച്ചില്ല; ഓവുചാലിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തി വ്യാപാരികള്‍ തടഞ്ഞു
കാഞ്ഞങ്ങാട്: നഗരത്തിലെ ഓവുചാലിന്റെ പുനര്‍നിര്‍മാണം വ്യാപാരികളുടെ നേതൃത്വത്തില്‍ തടഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെ നഗരത്തിലെ ഓവുചാല്‍ തുറന്നു വച്ചു പുനര്‍നിര്‍മാണം നടത്താനുള്ള കെ.എസ്.ടി.പി അധികൃതരുടെ നയത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ നിര്‍മാണ ജോലി തടഞ്ഞത്. നഗരത്തില്‍ അതാതു സ്ഥലത്ത് തുറക്കുന്ന ഓവുചാല്‍ പെട്ടെന്നു തന്നെ പണിപൂര്‍ത്തിയാക്കി അടച്ചിടണമെന്ന ആവശ്യമാണ് വ്യാപാരികളും മറ്റും ഉന്നയിക്കുന്നത്. ഓവുചാല്‍ തുറന്നു വച്ചതിനെ തുടര്‍ന്നു വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പന കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ സംഘടിച്ച് ഇന്നലെ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തടഞ്ഞത്.
കാസര്‍കോട് ചന്ദ്രഗിരി കവല മുതല്‍ കാഞ്ഞങ്ങാട് സൗത്ത് കവല വരെയുള്ള സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് നഗരത്തിലെ ഓവുചാലും നവീകരിക്കാന്‍ കെ.എസ്.ടി.പി അധികൃതര്‍ ഒരുങ്ങിയത്. ആറു മാസം മുമ്പ് തന്നെ നഗരത്തിലെ പാതയുടെ നവീകരണ ജോലി കെ.എസ്.ടി.പി അധികൃതര്‍ തുടങ്ങിയിരുന്നെങ്കിലും ഓവുചാല്‍ എസ്റ്റിമേറ്റില്‍ ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു.
ഇതിനിടയിലാണു മഴ തുടങ്ങുന്നതിനു മുമ്പായി നഗരത്തിലെ ടി.ബി റോഡ് കവല മുതല്‍ ബസ് കാത്തിരിപ്പു കേന്ദ്രം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഓവുചാലിന്റെ സ്‌ളാബുകള്‍ മാറ്റി വച്ച് കെ.എസ്.ടി.പി അധികൃതര്‍ നഗരത്തില്‍ അപകടാവസ്ഥ ഉണ്ടാക്കിയത്. ഒരു മാസത്തിലധികമായി സ്‌ളാബുകള്‍ നീക്കി വച്ചതല്ലാതെ ജോലികള്‍ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നു നഗരത്തിലെ വ്യാപാരികളും വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിയെത്തുന്ന ജനങ്ങളും കടുത്ത ദുരിതത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."