സഊദിയിൽ പുതിയ രണ്ടു എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി
റിയാദ്: സഊദിയിൽ പുതിയ രണ്ടു പുതിയ എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് അറാർ, സകാക എന്നിവിടങ്ങളിലാണ് രണ്ടു എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തിയത്. സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. അൽ ജൗഫ് പ്രവിശ്യയിൽ കണ്ടത്തിയ വാതക പാടത്തിന് ഹദ്ബത് അൽ ഹജറ എന്നും, വടക്കൻ അതിർത്തി പ്രദേശത്ത് കണ്ടെത്തിയ എണ്ണ പാടത്തിനു അബ്റാഖ് അൽ തുലൂൽ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
സമ്പന്നമായ ഹദ്ബത് അൽ ഹജറ റിസർവോയറിൽ നിന്ന് ദിനം പ്രതി പതിനാറ് മില്യൺ ക്യൂബിക് ഫീറ്റ് വാതകവും 1,944 ബാരൽ എണ്ണയും ലഭിക്കുമെന്നും വടക്കൻ അതിർത്തി പ്രദേശത്ത് അറാറിൽ കണ്ടെത്തിയ അബ്റാഖ് അൽ തുലൂൽ എണ്ണ പാടത്തിൽ നിന്നും 3,189 ബാരൽ എണ്ണയും ദിനം പ്രതി 1.1 മില്യൺ ക്യൂബിക് മീറ്റർ വാതകവും ലഭിക്കുമെന്നും മന്ത്രി സഊദി ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
അറാർ നഗരത്തിന്റെ തെക്കുകിഴക്കായി അബ്റാക് അൽ-തലുൽ എണ്ണപ്പാടത്തെ ശറൂറ റിസർവോയറിൽ നിന്ന് മികച്ച എണ്ണയാണ് കണ്ടെത്തിയത്. മറ്റൊരു വാതക പാടമായ അൽ ഖവാറ റിസർവോയറിൽ നിന്നും 2.4 മില്യൺ ക്യൂബിക് ഫീറ്റ് വാതകവും ദിനംപ്രതി 49 ബാരൽ എണ്ണയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് എണ്ണ, വാതക പാടങ്ങളിലെയും എണ്ണ, വാതക ശേഖരത്തിന്റെ പരമാവധി ശേഷി കണ്ടെത്താനുള്ള ശ്രമം സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ തുടരുമെന്നും കൂടാതെ രണ്ട് കിണറുകളുടെ വിസ്തൃതിയും വലുപ്പവും നിർണ്ണയിക്കാൻ കൂടുതൽ കിണറുകൾ കുഴിക്കുമെന്നും മന്ത്രി പറഞ്ഞു. സൃഷ്ടാവ് രാജ്യത്തിനു നൽകിയ നന്മയും അനുഗ്രഹങ്ങളുമാണിതെന്നും ദൈവത്തെ സ്തുതിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."