മുണ്ടൂരിലെ ഇരട്ടക്കൊല: നാലുപേര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ രണ്ടുപേര്‍ സഹോദരങ്ങള്‍
തൃശൂര്‍: മുണ്ടൂരില്‍ കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ മിജോ (25), സഹോദരന്‍ ജിനു (23),വരടിയം തുഞ്ചന്‍ നഗര്‍ ചിറയത്ത് വീട്ടില്‍ സിജോ ജെയിംസ് (31), വരടിയം ചാക്കേരി വീട്ടില്‍ അഖില്‍ എന്ന പൂച്ച അഖില്‍ (23) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച അര്‍ധരാത്രിയോടെ പാറപ്പുറത്ത് വച്ചാണ് ക്രിസ്റ്റോ, ശ്യാം എന്നീ രണ്ടു യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്.
ബൈക്കില്‍ യാത്രചെയ്തിരുന്ന യുവാക്കളെ പിക്കപ്പ് വാന്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും തൊട്ടടുത്ത കുരിശു പള്ളിക്കടുത്ത് വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടവരും പിടിയിലായവരും ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തേടി പീച്ചി വനപ്രദേശത്തും ഒട്ടേറെ കേന്ദ്രങ്ങളിലും പൊലിസ് റെയ്ഡ് നടത്തിയിരുന്നു.
വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. യുവാക്കളെ ഇടിച്ചു വീഴ്ത്തിയ പിക്കപ്പ് വാഹനം ഒളിപ്പിച്ചനിലയില്‍ ചേറൂരുള്ള അടിയാറ എന്ന സ്ഥലത്തു നിന്നാണ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റുള്ളവരെയും സഹായികളെയും പൊലിസ് തേടുന്നുണ്ട്. സിറ്റി പൊലിസ് കമ്മിഷനര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഗുരുവായൂര്‍ എ.സി.പി പി. ബിജുരാജ്, പേരാമംഗലം സി.ഐ എ.എ അഷ്‌റഫ് , ക്രൈം സ്‌ക്വാഡ് എസ്.ഐ മാരായ പി. ലാല്‍കുമാര്‍, ഗ്ലാഡ്സ്റ്റണ്‍, ബിനന്‍, എ.എസ്.ഐ മാരായ രാജന്‍, എന്‍.ജി സുവ്രതകുമാര്‍, പി.എം റാഫി, കെ.കെ രാഗേഷ്, അനില്‍, സുദേവ്, കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പഴനി, ജീവന്‍, കെ.സൂരജ്, ലിന്റോ ദേവസ്സി, സുബീര്‍, മനോജ്, എം.എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."