മുങ്ങിയ ഫയല്‍ പൊങ്ങി
കാഞ്ഞങ്ങാട്: നഗരസഭയില്‍ നിന്നു കാണാതായ ഫയല്‍ രണ്ടു വര്‍ഷത്തിനു ശേഷം പൊങ്ങി.നഗരസഭയുടെ പഴയ കാര്‍ ലേലം ചെയ്തതിന്റെ ഫയലാണ് പൊങ്ങിയത്. എന്‍ജിനിയറിങ് വിഭാഗം രണ്ടു വര്‍ഷം മുമ്പ് ഫയല്‍ മുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെ നഗരസഭാ ചെയര്‍മാനു പുതിയ കാര്‍ വാങ്ങാനുള്ള നടപടികള്‍ക്കായി ചെയര്‍മാന്‍ വി.വി രമേശന്‍ തിരുവനന്തപുരത്തേക്കു തിരിച്ചു. യു.ഡി.എഫ് ഭരണ കാലത്ത് ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനമുണ്ടായിരുന്നു. ഇതു തടയിടാന്‍ വേണ്ടിയാണ് കാര്‍ ലേലം ചെയ്തതിന്റെ ഫയല്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ മുക്കിയതെന്നാണ് ആരോപണം.
രണ്ടു വര്‍ഷം മുമ്പ് ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ധീന്‍ ഉപയോഗിച്ചു വന്നിരുന്ന ഔദ്യോഗിക വാഹനമായ അംബാസഡര്‍ കാര്‍ കേടായതോടെയാണു പുതിയ വാഹനം വാങ്ങുന്നതിനു കൗണ്‍സില്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് പിന്നീട് ഡി.പി.സിയുടെ അനുമതിയും ലഭിച്ചു. ഇതിന്റെ മുന്നോടിയായി പഴയ കാര്‍ ലേലം ചെയ്തു വില്‍ക്കുകയായിരുന്നു. പഴയകാറിന് 1.40 ലക്ഷം രൂപ വില കണക്കാക്കാന്‍ ലേലം തീരുമാനിച്ചെങ്കിലും വില കൂടിയതോടെ ലേലത്തില്‍ പങ്കുകൊണ്ട പതിനാറു പേര്‍ പിന്‍മാറുകയായിരുന്നു. പിന്നീട് വീണ്ടും ലേലം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു ശേഷം 75,000 രൂപ വില നിശ്ചയിച്ച് പുനര്‍ ലേലം നടത്തുകയും 82,000 രൂപക്ക് കാര്‍ ലേലത്തില്‍ പോവുകയുമായിരുന്നു.
ലേലം കഴിഞ്ഞതിനു ശേഷം ചെയര്‍പേഴ്‌സണു വേണ്ടി ഇന്നോവ കാര്‍ വാങ്ങാന്‍ ഡി.ഡിയുമായി നഗരസഭ ഉദ്യോഗസ്ഥര്‍ ട്രഷറിയിലെത്തിയപ്പോള്‍ മൂന്ന് വാഹനങ്ങള്‍ നഗരസഭയ്ക്കുണ്ടെന്നും ഇനിയൊന്നു കൂടി വാങ്ങാന്‍ നിര്‍വാഹമില്ലെന്ന ഇന്റേണല്‍ ഓഡിറ്റ് റിപോര്‍ട്ട് നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന മൂന്നു വാഹനങ്ങളില്‍ ഒരെണ്ണം ലേലം ചെയ്തു വില്‍പന നടത്തിയതായി അധികൃതര്‍ ബോധ്യപ്പെടുത്തിയെങ്കിലും ഫയല്‍ അപ്രത്യക്ഷമായതു വാഹനം വാങ്ങാന്‍ തടസമായി.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തിലേറുകയും വി.വി രമേശന്‍ ചെയര്‍മാനാവുകയും ചെയ്തതോടെ ചെയര്‍മാന് സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനം ഇല്ലാതായി. ഇതോടെ വീണ്ടും കാര്‍ വാങ്ങാനുള്ള നീക്കങ്ങള്‍ നഗരസഭ ആരംഭിച്ചു. തദ്ദേശഭരണ വകുപ്പ് വീണ്ടും ഉടക്കുമായി രംഗത്ത് വന്നതോടെ കാര്‍ വാങ്ങാനുള്ള ശ്രമം ഒരിക്കല്‍കൂടി തടസപ്പെട്ടു. പുതിയ വാഹന ഇടപാടിന് തദ്ദേശ ഭരണ വകുപ്പ് ഇടങ്കോലിട്ടതോടെയാണ് രണ്ടു വര്‍ഷം മുമ്പ് മുങ്ങിയ കാര്‍ ലേലത്തിന്റെ ഫയല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ പൊങ്ങിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."