പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ റിമാന്‍ഡില്‍
കൊച്ചി: പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ തിരുവല്ല മജിസേ്ട്രറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. തട്ടിപ്പില്‍ റോയിയുടെ രണ്ട് മക്കള്‍ക്കുമാണ് മുഖ്യപങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് റിനു മറിയം തോമസ്.
ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് അംഗമാണ് റിയ ആന്‍ തോമസ്. എല്‍.എല്‍.പി എന്ന നിലയില്‍ കമ്പനികള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എല്‍.എല്‍.പിയായുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപത്തിന് ആനുപാതികമായി കമ്പനി ലാഭം മാത്രമേ നിക്ഷേപകര്‍ക്ക് ലഭിക്കൂ. കമ്പനി നഷ്ടത്തിലായാല്‍ പണം നഷ്ടപ്പെടും. എന്നാല്‍ ഇക്കാര്യം നിക്ഷേപകരെ പ്രതികള്‍ അറിയിച്ചിരുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ വ്യക്തമാക്കി. തട്ടിപ്പ് ആസൂത്രിതമായിരുന്നു എന്നാണ് പൊലിസ് ഭാഷ്യം. നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകളിലടക്കം വിശ്വാസവഞ്ചന കാട്ടിയെന്നാണ് പൊലിസ് പറയുന്നത്.
നേരത്തേ പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ത്തന്നെ നല്‍കിയിരുന്ന രേഖകള്‍ പിന്നീട് പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ് കഴിഞ്ഞ കുറച്ചുകാലമായി നല്‍കിക്കൊണ്ടിരുന്നത്. സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ പണം നിക്ഷേപിച്ചവര്‍ക്കും പുതുക്കി നല്‍കിയവര്‍ക്കുമാണ് ഇത്തരത്തില്‍ വിവിധ സ്ഥാപനങ്ങളുടെ രേഖകള്‍ നല്‍കിയത്. ഒരു സ്ഥാപനത്തിന്റെ പേരില്‍ വന്ന നിക്ഷേപം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നത്രേ. റോയിയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരംഭങ്ങളിലേക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷിക്കും എന്നാണ് വിവരം. 2014ല്‍ത്തന്നെ കമ്പനികളുടെ ഉടമസ്ഥാവകാശം റോയി പെണ്‍മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിന്റേതടക്കമുള്ള രേഖകളും പരിശോധനയില്‍ കണ്ടെത്തി.
സംസ്ഥാനത്തും പുറത്തുമായി 274 ബ്രാഞ്ചുകളിലൂടെ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."