ടിക്ടോക് വില്പന: പുതിയ നിയമം വഴി യു.എസിനെ കുരുക്കിലാക്കി ചൈന
ബെയ്ജിങ്: പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഏതെങ്കിലും കമ്പനികള്‍ക്ക് വില്‍ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശത്തിന് അപ്രതീക്ഷിത തിരിച്ചടി നല്കി ചൈന.
പുതിയ ടെക്നോളജി നിയമം കൊണ്ടുവന്നാണ് ചൈന യു.എസിനെ കുരുക്കിലാക്കിയത്. ഇതു പ്രകാരം ചൈനീസ് കമ്പനിയുടെ വിദേശത്തെ ബിസിനസ് വില്പന നടത്തണമെങ്കില്‍ ചൈനയുടെ അനുമതി നിര്‍ബന്ധമാണ്. അതിനാല്‍ ടിക്ടോക് ബിസിനസ് യു.എസ് കമ്പനികള്‍ക്ക് സ്വന്തമാക്കാനാവില്ല. മൈക്രോസോഫ്റ്റ് കോര്പറേഷന്, ഒറാക്കിള്‍ എന്നീ കമ്പനികള്‍ ടിക്ടോകിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങളുടെ അവകാശം വാങ്ങാന്‍ മുന്നോട്ടുവന്നിരുന്നു. കാനഡ, ന്യൂസിലന്‍ഡ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലെ ടിക്ടോക് ഓപറേഷനും വില്പനയുടെ പരിധിയില്‍ വരും.
ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ടിക്ടോകിന്റെ യു.എസിലെ അവകാശം യു.എസ് കമ്പനിക്ക് കൈമാറാത്തപക്ഷം യു.എസില്‍ ടിക്ടോക് നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചൈനീസ് കമ്പനികളുടെ ബിസിനസ് സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ടിക്ടോക് നിരോധിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നേരത്തെ ലഡാക്ക് സംഘര്‍ഷത്തോടെ ഇന്ത്യയില്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."